Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു 

 

തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് അംഗീകാരം

ഭിന്നശേഷി സൗഹൃദ പദ്ധതികൾക്ക് മുൻഗണന

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ
2026-27 വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി അഡ്‌ഹോക്ക് ജില്ലാ ആസൂത്രണ സമിതി യോഗം ആസൂത്രണ സമിതി സെക്രട്ടേറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. യോഗം ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ അധ്യക്ഷയായി.

ജില്ലയിലെ കോര്‍പ്പറേഷനും ജില്ലാ
പഞ്ചായത്തുമുള്‍പ്പെടെ 52 തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2026-27 വാര്‍ഷിക പദ്ധതി ഭേദഗതി പ്രൊജക്ടുകൾക്ക് യോഗത്തില്‍ അംഗീകാരം നല്‍കി. വാര്‍ഷിക പദ്ധതിയിലെ ചെലവ് ശതമാനം യോഗത്തില്‍ അവലോകനം ചെയ്തു. 

ജില്ലാതലത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചെലവ് പുരോഗതി അവലോകനം നിശ്ചിത ഇടവേളകളില്‍ നടത്തണമെന്നും യോഗം നിർദേശിച്ചു. ചെലവ് ശതമാനത്തില്‍ പുരോഗതി കൈവരിക്കുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും എസ്.സി.പി, ടി.എസ്.പി പ്രോജക്ടുകളുടെ പുരോഗതി വേഗത്തിലക്കുന്നതിനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം നിർദേശിച്ചു.

ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ
ഭാഗമായി ജില്ലാ ആസൂത്രണ സമിതി പുന:സംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവാക്കുന്നതനുസരിച്ച് ഡി.പി.സി യുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്‍, സെക്രട്ടറിമാരെയും ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് ഒരു ഏകദിന ശില്‍പശാല
ചേരുന്നതിനും യോഗത്തിൽ തീരുമാനമായി. 

ഭിന്നശേഷി വിഭാഗത്തിന്റെ ഉന്നമനത്തിനായി ഒരോ തദ്ദേശഭരണ സ്ഥാപനവും ഏറ്റെടുക്കുന്ന പ്രോജക്ടുകള്‍ക്ക് പുറമേ നൂതന ആശയമുള്‍ക്കൊള്ളുന്നതും സാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതുമായ പുതിയ പദ്ധതികൾ കണ്ടെത്താൻ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഡിപിസിയുടെ അംഗീകാരം ലഭിച്ച പദ്ധതികൾ സാങ്കേതിക പരിശോധനയ്ക്ക് സമര്‍പ്പിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഊന്നല്‍ നല്‍കണമെന്നും സമര്‍പ്പിക്കപ്പെട്ട പദ്ധതികളുടെ പരിശോധന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും യോഗം നിർദേശിച്ചു.

യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ആര്‍ രത്‌നേഷ്, ജില്ലാതല ഉദ്യോഗസ്ഥര്‍, വിവിധ തദ്ദേശഭരണ സ്ഥാപന അധ്യക്ഷര്‍, ഭരണസമിതി അംഗങ്ങള്‍, സെക്രട്ടറിമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.

date