ഗിരിവികാസ് പദ്ധതി പുനരാരംഭിക്കുന്നു
കഴിഞ്ഞ രണ്ടു വർഷമായി മുടങ്ങിയിരുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള 'ഗിരിവികാസ്' പദ്ധതി പുനരാരംഭിക്കുന്നു. പ്ലസ് ടു പരീക്ഷ പാസാകാത്ത വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനും ഉദ്യോഗമാർഗ്ഗനിർദ്ദേശത്തിനും അവസരമൊരുക്കുന്ന പദ്ധതിക്കായി പട്ടികവർഗ്ഗ വികസന വകുപ്പ് 55,72,500 രൂപ അനുവദിച്ചു.
സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പ്, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസ്, മേരാ യുവ ഭാരത് പാലക്കാട് എന്നിവർ ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസിയുടെ ഇടപെടലിനെ തുടർന്നാണ് പദ്ധതിക്ക് വീണ്ടും സർക്കാർ അംഗീകാരം ലഭിച്ചത്.
1993-94ൽ ആരംഭിച്ച പദ്ധതിയിലൂടെ മുൻകാലങ്ങളിൽ നിരവധി പേർ ഉന്നതവിദ്യാഭ്യാസവും സർക്കാർ ജോലിയും നേടിയിട്ടുണ്ട്. പ്രാരംഭ നടപടികൾ പൂർത്തിയായി വരുന്നതായും നവംബർ ആദ്യവാരം ക്ലാസുകൾ ആരംഭിക്കുമെന്നും മേരാ യുവ ഭാരത് ജില്ലാ യൂത്ത് ഓഫീസർ പി. സന്ദീപ് കൃഷ്ണൻ , ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ എം. ഷമീന എന്നിവർ അറിയിച്ചു.
- Log in to post comments