ദേശീയ പട്ടികവർഗ കമ്മീഷൻ ജില്ലയിൽ സന്ദർശനം നടത്തി
ദേശീയ പട്ടികവർഗ കമ്മീഷൻ അംഗം ജാതോതു ഹുസൈൻ നായികിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലയിൽ സന്ദർശനം നടത്തി. മലമ്പുഴ ആശ്രാമം മോഡൽ റെസിഡൻഷ്യൽ സ്കൂൾ, വാളയാർ നടുപ്പതി, മലമ്പുഴ ആനക്കല്ല് ഊരുകൾ എന്നിവിടങ്ങളിലാണ് കമ്മീഷൻ പരിശോധന നടത്തിയത്.
റസിഡൻഷ്യൽ സ്കൂളിൽ പട്ടികവർഗ വിദ്യാർത്ഥികൾക്കായുള്ള വിദ്യാഭ്യാസ-താമസ സൗകര്യങ്ങൾ, അക്കാദമിക അടിസ്ഥാനസൗകര്യങ്ങൾ, ക്ഷേമപദ്ധതികളുടെ നടത്തിപ്പ് എന്നിവ കമ്മീഷൻ വിലയിരുത്തി.
വാളയാർ നടുപ്പതി, മലമ്പുഴ ആനക്കല്ല് ഊരുകളിലെത്തിയ കമ്മീഷൻ ഗോത്രവിഭാഗക്കാരുമായി സംവദിച്ചു. പ്രദേശവാസികളുടെ പരാതികൾ, സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, വികസന ആവശ്യങ്ങൾ എന്നിവ ചോദിച്ചറിഞ്ഞു. ഭരണഘടനാപരമായ അവകാശങ്ങളും സർക്കാർ ക്ഷേമപദ്ധതികളും ഉപജീവനമാർഗ്ഗങ്ങളും ജനങ്ങൾക്ക് തടസ്സമില്ലാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിർദ്ദേശം നൽകി.
എ.ഡി.എം എ. അബ്ദുൽ ലത്തീഫ്, ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ എം. ഷമീന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. ബിന്ദു തോമസ് മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments