Skip to main content

വടകരയിൽ ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

 

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എം. എസ്. എം. ഇ) വളർച്ച ത്വരിതപ്പെടുത്തുന്നതിനും സംരംഭകർക്ക് ആവശ്യമായ ബാങ്കിങ് സേവനങ്ങളും വായ്പാ സൗകര്യങ്ങളും പരിചയപ്പെടുത്തുന്നതിനുമായി റാംപ് പദ്ധതിയുടെ ഭാഗമായി വടകരയിൽ ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു.

ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെയും വടകര താലൂക്ക് വ്യവസായ ഓഫീസിൻ്റെയും ആഭിമുഖ്യത്തിൽ ഹോട്ടൽ ക്രിസ്റ്റൽ സ്യൂട്ടിൽ സംഘടിപ്പിച്ച പരിപാടി വടകര നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. സതീശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ. നിതിൻ അധ്യക്ഷത വഹിച്ചു. വടകര താലൂക്ക് വ്യവസായ ഓഫീസർ (ഇൻ ചാർജ്) എ.പി. സിജിത്ത് സ്വാഗതം പറഞ്ഞു. വടകര നഗരസഭാ കൗൺസിലർ ബി.രശ്മി, നഗരസഭാ വ്യവസായ വികസന ഓഫീസർ അനിൽകുമാർ അന്നങ്ങാട്ട്  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

സംരംഭകർക്ക് ലഭ്യമായ വിവിധ ബാങ്കിങ് ഉൽപ്പന്നങ്ങൾ, വായ്പാ പദ്ധതികൾ, വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ, അപേക്ഷയ്ക്കാവശ്യമായ രേഖകൾ, സർക്കാർ ആവിഷ്‌കരിച്ച വിവിധ പ്രോത്സാഹന പദ്ധതികൾ എന്നിവയെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ നയിച്ചു. എസ്. ബി. ഐ കോഴിക്കോട് ഡെപ്യൂട്ടി മാനേജർ എസ്. സുഭാഷ് ബാബു, കാനറാ ബാങ്ക് വടകര ചീഫ് മാനേജർ പി. പി. മുഹമ്മദ് റോഷൻ, കേരള ഗ്രാമീണ ബാങ്ക് മുൻ സീനിയർ മാനേജർ എൻ. രാധാകൃഷ്ണൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ബാങ്കിങ് സേവനങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനും വായ്പാ നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങൾ ഇവർ നൽകി.

എം. എസ്. എം. ഇ മേഖലയിലെ സംരംഭകർ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വ്യക്തത വരുത്തുന്നതിനുമായി ഓപ്പൺ ഫോറവും സംഘടിപ്പിച്ചു. ബാങ്ക് ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാനും വായ്പാ സാധ്യതകൾ, അപേക്ഷാ നടപടികൾ, സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവ സംബന്ധിച്ച് സംശയനിവാരണം നടത്താനും സംരംഭകർക്ക് അവസരമൊരുങ്ങി.

ചെറുകിട സംരംഭങ്ങൾക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കുക, ബാങ്കിങ് സേവനങ്ങളെക്കുറിച്ച് സംരംഭകർക്കിടയിൽ അവബോധം വളർത്തുക, സംരംഭങ്ങളുടെ വളർച്ചയ്ക്കും വിപുലീകരണത്തിനും ആവശ്യമായ സാമ്പത്തിക സൗകര്യങ്ങൾ പരിചയപ്പെടുത്തുക തുടങ്ങിയവയാണ്  ബാങ്കേഴ്‌സ് മീറ്റിൻ്റെ ലക്ഷ്യം.

date