ലൈഫ് രണ്ടാംഘട്ടം; താക്കോൽ നൽകി
**വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, മേശ കസേര
**മത്സ്യ തൊഴിലാളികൾക്ക് മോട്ടോർസൈക്കിൾ, ഐസ് ബോക്സ് എന്നിവ വിതരണം ചെയ്തു
ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ 2018-19 സാമ്പത്തിക വർഷത്തിൽ ഉൾപ്പെട്ട വിവിധ പദ്ധതികളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് എസ്. ഡീന നിർവഹിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വി കനകദാസ് അധ്യക്ഷനായി.
മത്സ്യ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും അവരുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനും മുൻതൂക്കം നൽകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് പറഞ്ഞു.
ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഭൂമിയുള്ളവർക്ക് ഭവന നിർമാണത്തിന് ധനസഹായം ലഭ്യമാക്കി പൂർത്തീകരിച്ച ആറ് വീടുകളുടെ താക്കോലും പരിപാടിയിൽ കൈമാറി.
അതോടൊപ്പം സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന നൂറ് പട്ടികജാതി വിദ്യാർത്ഥികൾക്ക് മേശയും കസേരയും, പത്തു മത്സ്യ തൊഴിലാളികളുടെ ബിരുദ വിദ്യാർത്ഥികളായ മക്കൾക്ക് ലാപ്ടോപ്പുകളും കൂടാതെ 25 മത്സ്യകച്ചവടക്കാർക്ക് ഐസ് ബോക്സുകളും അഞ്ച് പേർക്ക് മോട്ടോർ സൈക്കിളുകളും വിതരണം ചെയ്തു .
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി മണികണ്ഠൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ എൻ നസീഹ, ചിറയിൻകീഴ് ഫിഷറീസ് ഓഫീസർ മഞ്ജു, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വീണ, ജനകീയ ആസൂത്രണം കൺവീനർ ജി. വ്യാസൻ, പഞ്ചായത്ത് സെക്രട്ടറി ഫൈസൽ എ. എസ്, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
(പി.ആർ.പി. 86/2019)
- Log in to post comments