റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി ഇ പി ജയരാജന്‍ സല്യൂട്ട് സ്വീകരിക്കും
ജനുവരി 26ന് രാവിലെ എട്ടു മണിക്ക് കണ്ണൂര്‍ പോലിസ് മൈതാനിയില്‍ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ സല്യൂട്ട് സ്വീകരിക്കും. സെറിമോണിയല്‍ പരേഡില്‍ കെ.എ.പി നാലാം ബറ്റാലിയന്‍, സായുധ പോലിസ്, ലോക്കല്‍ പോലിസ് (പുരുഷന്‍-വനിത), എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗങ്ങളുടെ ഓരോ പ്ലാറ്റൂണുകള്‍, എന്‍.സി.സി, സ്‌കൗട്ട്‌സ്&ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് എന്നിവയുടെ ഏഴ് വീതം പ്ലാറ്റൂണുകള്‍, സ്റ്റുഡന്റ്‌സ് പോലിസ് കേഡറ്റിന്റെ രണ്ട് പ്ലാറ്റൂണുകള്‍ എന്നിവ അണിനിരക്കും. ആര്‍മി സ്‌കൂള്‍, ഡിഎസ്‌സി എന്നിവയുടെ ബാന്റ് വാദ്യം പരേഡിന് കൊഴുപ്പേകും. മികച്ച പരേഡുകള്‍ക്ക് കലക്ടേഴ്‌സ് ട്രോഫികള്‍ സമ്മാനിക്കും.
പരേഡിന്റെ ഭാഗമായി വര്‍ണശബളമായ ഫ്‌ളോട്ടുകളുടെ പ്രദര്‍ശനവുമുണ്ടാവും. ദേശീയോദ്ഗ്രഥനം പ്രമേയമാക്കി അവതരിപ്പിക്കുന്ന ഫ്‌ളോട്ടുകളില്‍ സിവില്‍ വിഭാഗത്തിനും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ നല്‍കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 10000, 5000, 3000 രൂപ എന്നിങ്ങനെയാണ് സമ്മാനം. 2018ല്‍ ജനോപകാരപ്രദമായ നൂതന പദ്ധതികള്‍ നടപ്പിലാക്കിയ വകുപ്പിനുള്ള മെഡലും ചടങ്ങില്‍ സമ്മാനിക്കും.
ആഘോഷച്ചടങ്ങ് വീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടിലോ അവരവരുടെ ഓഫീസുകളിലോ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
- Log in to post comments