വാണിയംകുളം- കോതകുറിശ്ശി റോഡ് നവീകരണ പ്രവര്‍ത്തനോദ്ഘാടനം ഇന്ന്
കിഫ്ബി ഫണ്ട് 20.50 കോടി ഉപയോഗിച്ച് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിര്‍മിക്കുന്ന വാണിയംകുളം- കോതകുറിശ്ശി റോഡ് (6.05 കിലോമീറ്റര്‍) നവീകരണ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് (ജനുവരി 19) രാവിലെ 11ന് പൊതുമരാമത്ത്- രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും. പത്തംകുളം ആല്‍ത്തറ പരിസരത്ത് നടക്കുന്ന പരിപാടിയില്‍ പി.കെ ശശി എം.എല്‍.എ അധ്യക്ഷനാവും.
ഉയര്‍ന്ന നിലവാരത്തിലുള്ള ഉപരിതലമാണ് പ്രവൃത്തിയില്‍ വിഭാവനം ചെയ്തത്. കൂടാതെ റോഡ് മാര്‍ക്കിങ്, സ്റ്റഡ്, ബോര്‍ഡ് തുടങ്ങി റോഡിന് സുരക്ഷ നല്‍കുന്ന പ്രവൃത്തികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുതായി രണ്ട് കലുങ്കുകളുടെ നിര്‍മാണം, നിലവിലെ കലുങ്കുകളുടെ വീതികൂട്ടല്‍, സംരക്ഷണഭിത്തി കെട്ടല്‍, കോണ്‍ക്രീറ്റ് ഡ്രൈനേജ്, ഡക്റ്റ് നിര്‍മാണം, ഫുട്ട്പാത്ത് ടൈല്‍ വിരിക്കല്‍, സോഡിയം വേപ്പര്‍ ലാമ്പ് തുടങ്ങി അന്താരാഷ്ട്ര നിലവാരത്തിലുള്ള പാതയുടെ രീതിയിലാണ് പ്രവൃത്തി നടത്തുക.
പൊതുമരാമത്ത് വകുപ്പ് കോഴിക്കാട് ഉത്തരമേഖലാ സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഇ.ജി വിശ്വജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്.ശിവരാമന്‍, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി. ശ്രീലേഖ, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.
- Log in to post comments