സംസ്ഥാനത്ത് പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ഉണ്ടാവില്ലെന്ന് ഉറപ്പാക്കും: മന്ത്രി ജി.സുധാകരന്‍ നവീകരിച്ച വല്ലപ്പുഴ- മുളയങ്കാവ് റോഡ് ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്ത് പൊട്ടിപ്പൊളിഞ്ഞ ഒരു റോഡു പോലും ഉണ്ടാവില്ലെന്ന് പൊതുമരാമത്ത് - രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കേടുവന്ന റോഡുകളെല്ലാം രണ്ട് വര്‍ഷത്തിനകം നവീകരിക്കും. പട്ടാമ്പി നിയോജകമണ്ഡലത്തിലെ നവീകരിച്ച വല്ലപ്പുഴ-മുളയങ്കാവ് റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടാമ്പി - പുലാമന്തോള്‍ റോഡ് നവീകരണത്തിന് 17 കോടി അനുവദിച്ചിട്ടുണ്ട്. പട്ടാമ്പി - ആമയൂര്‍ റോഡിനെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കും. അതിന് മുന്നോടിയായി റിപ്പോര്‍ട്ടും എസ്റ്റിമേറ്റും അനുസരിച്ച് അറ്റകുറ്റപ്പണിക്കുള്ള സാമ്പത്തിക സഹായം അനുവദിക്കും. നിലവില്‍ പട്ടാമ്പിയില്‍ 200 കോടി യുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്നുണ്ട്. പ്രളയദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി മേഖലയ്ക്ക് 10.55 കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് 2016-17 ബജറ്റില്‍ വകയിരുത്തിയ മൂന്ന് കോടി ചെലവഴിച്ചാണ് റോഡിന്‍റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.
വല്ലപ്പുഴ യാറം സെന്‍ററില്‍ നടന്ന പരിപാടിയില്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ അധ്യക്ഷനായി. കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.അബ്ദുള്‍ കരീം, വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഹംസ കല്ലിങ്കല്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം പി.കെ.സുധാകരന്‍, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സംസാരിച്ചു.
- Log in to post comments