പ്രളയക്കെടുതിയില്‍ സര്‍ക്കാറിന്റെ സമാശ്വാസം: സംതൃപ്തരായി മത്സ്യത്തൊഴിലാളികള്‍ ജില്ലയില്‍ നഷ്ടപരിഹാരം നല്‍കിയത് 39 മത്സ്യബന്ധനവള്ളങ്ങള്‍ക്ക്
പ്രളയത്തില്‍ വള്ളവും വലയും അനുബന്ധ ഉപകരണങ്ങളും തകര്‍ന്നതിനെ തുടര്‍ന്ന് കോടികണക്കിന് രൂപ നഷ്ടപരിഹാരമായി അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ മത്സ്യത്തൊഴിലാളികള്‍ സംതൃപ്തര്‍. ജില്ലയിലെ 39 മത്സ്യബന്ധന വള്ളങ്ങള്‍ക്കായി രണ്ട് കോടി മുപ്പത് ലക്ഷത്തി നാല്‍പ്പത്തിഅയ്യായിരത്തി എഴുപത്തിയഞ്ച് രൂപയാണ് സര്‍ക്കാര്‍ ധനസഹായമായി അനുവദിച്ചത്. ചരിത്രത്തിലാദ്യമായാണ് വള്ളവും വലയും അനുബന്ധ ഉപകരണങ്ങളും തകര്‍ന്നവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നത്. പ്രളയത്തില്‍ തകര്‍ന്ന അജ്മീര്‍ എന്ന ഫൈബര്‍ വള്ളത്തിന് 15 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നഷ്ടപരിഹാര തുകയായി നല്‍കിയത്. താനൂര്‍ ഉണ്യാലിലെ 46 മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗ്ഗമാണ് ഈ വള്ളം. 45 മത്സ്യത്തൊഴിലാളികള്‍ ജോലി ചെയ്യുന്ന യുവധാര വള്ളത്തിന് 2.28000 രൂപയും ധനസഹായമായി നല്‍കി. സമാനമായ രീതിയില്‍ നഷ്ടത്തിന്റെ തോത് അനുസരിച്ച് ജില്ലയിലെ മറ്റ് 37 വള്ളങ്ങള്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം ഒട്ടും കാലതാമസമില്ലാതെയാണ് അനുവദിച്ചത്. പ്രളയസമയത്ത് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മത്സ്യത്തൊഴിലാളികള്‍ സ്വമേധയാ വള്ളങ്ങളുമായി എത്തി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടത് കണക്കിലെടുത്താണ് സര്‍ക്കാര്‍ ചരിത്രത്തില്‍ ഇന്നേ വരെയില്ലാത്ത വിധം സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ പരിഗണിച്ചത്. വള്ളവും വലയും നശിച്ച് എന്തുചെയ്യുമെന്ന് അറിയാതിരിക്കുമ്പോഴാണ് സര്‍ക്കാര്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയത്. അതുവലിയ ആശ്വാസമായെന്നും സര്‍ക്കാര്‍ നടപടിയില്‍ ഏറെ സന്തോഷമുണ്ടെന്നും ഉണ്യാല്‍ തേവര്‍ കടപ്പുറത്തെ അജ്മീര്‍ വള്ളത്തിലെ ഗ്രൂപ്പ് ലീഡര്‍ കെ.ജെ ലത്തീഫ് പറഞ്ഞു. യുവധാര വള്ളത്തിലെ വി.സി.എം മുസ്തഫയും സര്‍ക്കാറിനോടുള്ള കടപ്പാട് പങ്കുവെച്ചു. പ്രളയക്കെടുതിയില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് സഹായം അനുവദിച്ചത്. പൊന്നാനി മുതല്‍ കടലുണ്ടിക്കടവ് ചാലിയം വരെയുള്ള മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാര സമാശ്വാസ തുക താനൂര്‍ ഉണ്യാലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയാണ് കൈമാറിയത്.
- Log in to post comments