Skip to main content

മാലിന്യത്തില്‍ നിന്ന് സ്വാതന്ത്യം' രണ്ടാംഘട്ട ക്യാമ്പയിനിങ് ഇന്ന് ആരംഭിക്കും

ഹരിതകേരളം മിഷന്റെ 'മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം' രണ്ടാംഘട്ടം ക്യാമ്പയിനിങ്ങിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നടപ്പാക്കുന്ന നിയമ ബോധവല്‍ക്കരണ പദ്ധതിയ്ക്ക് ഇന്ന് തുടക്കമാവും. പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതും ജലാശയങ്ങള്‍ മലിനമാക്കുന്നതും തടയുന്നതിന്റെ ഭാഗമായിട്ടാണ് നിയമ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജനുവരി 26) രാവിലെ ഒമ്പതിന് മലപ്പുറം എം.എസ്.പി കമ്മ്യൂനിറ്റിഹാളില്‍ ഉന്നത വിദ്യാഭ്യാസ-പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിക്കും.
ജില്ലയിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് നിയമ സാക്ഷരതാ പരിപാടി സംഘടിപ്പിക്കുന്നത്. ഒരു വാര്‍ഡില്‍ കുറഞ്ഞത് 100 പേര്‍ക്ക് എങ്കിലും  നിയമ ബോധവല്‍ക്കരണം നല്‍കും. പോലീസ്, ആരോഗ്യം, ഭക്ഷ്യസുരക്ഷ, തദ്ദേശ ഭരണം മലിനീകരണ നിയന്ത്രണബോര്‍ഡ എന്നിവയ്ക്ക് കീഴിലുള്ള വിവിധ നിയമങ്ങളാണ് പഠനക്ലാസ്സുകളില്‍ വിഷയമാകുക.
സംസ്ഥാന നിയമസഹായ സമിതി, കില, കുടുംബശ്രീ, ശുചിത്വ മിഷന്‍, വിവിധ വകുപ്പുകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി സ്‌കൂളുകളില്‍ നിയമ അസംബ്ലിയും നിയമ ക്ലാസുകളും സംഘടിപ്പിക്കും. ഹരിതകേരളം മിഷന്‍ തയ്യാറാക്കിയ നിയമസാക്ഷരത കൈപ്പുസ്തകം ഉപയോഗിച്ചായിരിക്കും പഠനക്ലാസുകള്‍ നടത്തുക.

date