Skip to main content

അധ്യാപകർ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ സ്വീകരിക്കരുത്:  യുവജന കമ്മീഷൻ

അധ്യാപകർ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ സ്വീകരിക്കരുതെന്ന് സംസ്ഥാന യുവജന കമ്മീഷൻ. കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ അധ്യാപകനെതിരെ ലഭിച്ച വിദ്യാർത്ഥിയുടെ പരാതി പരിശോധിച്ചായിരുന്നു കണ്ണൂരിൽ നടന്ന ജില്ലാ അദാലത്തിൽ കമ്മീഷന്റെ നിരീക്ഷണം. പരാതിയിൽ കൂടുതൽ വ്യക്തത ലഭിക്കുന്നതിനായി രജിസ്ട്രാറുടെ റിപ്പോർട്ട് തേടാൻ കമ്മീഷൻ തീരുമാനിച്ചു. 

പെൺകുട്ടിയുടെ ചിത്രം അവരുടെ അനുമതിയില്ലാതെ ഫേസ്ബുക്കിൽ പ്രൊഫൈൽ ചിത്രമാക്കിയതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി എസ് പി തലത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദേശിച്ചു. കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളും അർഹതയുണ്ടായിട്ടും ജോലി ലഭിച്ചില്ലെന്ന പരാതിയും ബസ് കണ്ടക്ടറുമായുള്ള പ്രശ്‌നത്തെക്കുറിച്ചുള്ള പരാതികളും അദാലത്തിൽ ലഭിച്ചു. 

15 കേസുകളാണ് കമ്മീഷൻ അദാലത്തിൽ പരിഗണിച്ചത്. ഇതിൽ അഞ്ച് കേസുകൾ തീർപ്പാക്കുകയും അഞ്ച് പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിനായി മാറ്റുകയും ചെയ്തു. അഞ്ച് പരാതികളിൽ കക്ഷികൾ ഹാജരായില്ല. കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടന്ന അദാലത്തിൽ കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം, സെക്രട്ടറി ടി കെ ജയശ്രീ, അംഗങ്ങളായ കെ മണികണ്ഠൻ, വി വിനിൽ, അസിസ്റ്റന്റ് സി ഡി മനോജ് എന്നിവർ പങ്കെടുത്തു.

 

date