Skip to main content

തെരഞ്ഞെടുപ്പ് ചെലവ് നീരിക്ഷണം- 48 സ്റ്റാറ്റിക് സര്‍വെലന്‍സ് സംഘം ഇന്ന് മുതല്‍ രംഗത്ത്

 

ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ അനധികൃതമായി എത്തുന്ന പണം, മദ്യം, ഉപഹാരം തുടങ്ങിയവയുടെ കുത്തൊഴുക്ക് തടയുന്നതിനായി  ഇന്നു മുതല്‍ സ്റ്റാറ്റിക് സര്‍വെലന്‍സ് സംഘം രംഗത്തിറങ്ങും. ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിലും മൂന്ന് ടീം വീതമുള്ള 48 സ്റ്റാറ്റിക് സര്‍വെലന്‍സ് സംഘമാണ് ഇന്നു മുതല്‍ പരിശോധനയ്ക്കിറങ്ങുന്നത്. ജില്ലയിലെ പ്രധാന ചെക്കുപോസ്റ്റുകളിലും പ്രധാന റോഡുകളിലും സംഘം പരിശോധന നടത്തും. രേഖകളില്ലാതെ അനധികൃതമായി കടത്തുന്ന പണം, മദ്യം മറ്റ് ഉപഹാരങ്ങളും സംഘം പിടിച്ചെടുക്കും.
പിടിച്ചെടുത്ത പണം, സ്വര്‍ണ്ണം എന്നിവ തിരിച്ചു നല്‍കുന്നതിനായി ജില്ലാ ഫൈനാന്‍സ് ഓഫീസര്‍ എന്‍. സന്തോഷ്‌കുമാര്‍ കണ്‍വീനറും, ജില്ലാ ട്രഷറി ഓഫീസര്‍ എസ്.ബേബി ഗിരിജ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ പ്രീതി മേനോന്‍ എന്നിവരടങ്ങുന്ന അപ്പലറ്റ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്ക് പ്രയാസമുണ്ടാവാതിരിക്കാന്‍ അപ്‌ലറ്റ് കമ്മിറ്റി പിടിച്ചെടുക്കുന്ന പണം സംബന്ധിച്ച് പരിശോധന നടത്തും.  പണം ആരില്‍ നിന്നാണോ പിടിച്ചെടുത്തത് അവര്‍ക്ക് ഏതെങ്കിലും സ്ഥാനാര്‍ഥിയുമായോ രാഷ്ട്രീയ പാര്‍ട്ടികളുമായോ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായോ ബന്ധമില്ലെങ്കില്‍ നിയമാനുസൃതമായി പണം തിരിച്ച് നല്‍കും.  10 ലക്ഷത്തില്‍ കൂടുതലുള്ള തുക പിടിച്ചെടുത്തത് സംബന്ധിച്ച വിവരങ്ങള്‍ ഇന്‍കം ടാക്‌സ് വിഭാഗത്തെ അറിയിക്കും.  അത്യാവശ്യങ്ങള്‍ക്കായി പണവുമായി യാത്ര ചെയ്യേണ്ടി വരുന്നവര്‍ ആവശ്യമായ രേഖകള്‍ കൈവശം വെയ്ക്കണം. പിടിച്ചെടുത്ത മദ്യം, മറ്റ് ലഹരി വസ്തുക്കള്‍ ബന്ധപ്പെട്ട എക്‌സൈസ് വകുപ്പിനോ പൊലീസിനോ കൈമാറും.

ഒരു ഓഫീസര്‍, രണ്ട് ജീവനക്കാര്‍, പൊലീസ്, വീഡിയോഗ്രാഫര്‍  തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാണ് ഓരോ സ്റ്റാറ്റിക് സര്‍വെലന്‍സ് ടീമും. ഓരോ ടീമും മൂന്നു ഷിഫ്റ്റുകളിലായാണ്  ഓരോ മണ്ഡലങ്ങളിലും പ്രവര്‍ത്തിക്കുക. വോട്ടര്‍മാരെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കുന്ന നടപടികള്‍ നിരീക്ഷണ വിധേയമാക്കും.  വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയോ പണം നല്‍കിയോ ഉപഹാരങ്ങള്‍, സൗജന്യ മദ്യം, ഭക്ഷണം എന്നിവ വാഗ്ദാനം ചെയ്തോ സ്വാധീനിക്കുന്നത് തടയാന്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാകും.

 

date