Skip to main content

ജില്ലാശുപത്രിയില്‍ നവീകരിച്ച ദന്തല്‍ ലാബ് പ്രവര്‍ത്തനം തുടങ്ങി

ലോക ദന്താരോഗ്യ ദിനത്തില്‍  പെരിന്തല്‍മണ്ണ ജില്ലാശുപത്രിയില്‍ അത്യാധുനിക സൗകര്യത്തോടെ  നവീകരിച്ച ദന്തല്‍ ലാബ്, ദന്തല്‍ യൂനിറ്റ്  എക്‌സറേ എന്നിവയുടെ പ്രവര്‍ത്തനം ആരംഭിച്ചു.  പല്ലെടുക്കല്‍, ക്ലീനിങ്, റൂട്ട് കനാല്‍ ചികിത്സകള്‍ക്ക് പുറമെ പല്ല് വെച്ച് പിടിപ്പിക്കല്‍ ( ഇംപ്ലാന്റ് ) സൗകര്യവും  ഇവിടെ ഒരുക്കിയിട്ടുണ്ട്.
രാവിലെ 8 മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് ഒ.പി സമയം. നവീകരിച്ച ലാബിന്റെ ഉദ്ഘാടനവും ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന  ജില്ലാതല സെമിനാറും   ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന നിര്‍വ്വഹിച്ചു. പരിപാടിയോടനുബന്ധിച്ച് പരിസരത്തെ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ ദന്തല്‍ എക്‌സിബിഷനും പ്രബന്ധ - പ്രശ്‌നോത്തരി മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.
ആശുപത്രി സൂപ്രണ്ട് ഡോ. ഷാജു മാത്യൂസ് അധ്യക്ഷനായി. ഡോ.കെ.എ സുജാത മുഖ്യ പ്രഭാഷണം നടത്തി. ദന്താരോഗ്യത്തെ പറ്റി ഡോ. ബിജി കുര്യന്‍ ജോര്‍ജും വായിലെ കാന്‍സറിനെപറ്റി ഡോ. ടി. ഷമീമും  ക്ലാസെടുത്തു.  ഡോ. എ ഷാജി, ഡോ.സുമോദ് നമ്പൂതിരി , ഡോ.ഇന്ദു, ടി.എം ഗോപാലന്‍, കെ.ആര്‍ രവി, വി.സി ശങ്കരനാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.

 

date