Skip to main content

ഓഖി ചുഴലിക്കാറ്റ്: മുഴുവന്‍ മൃതദേഹങ്ങളും സൂക്ഷിക്കാനുള്ള സൗകര്യമൊരുക്കും

 

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതും ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിക്കുന്നതുമായ നടപടികള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു.  ജില്ലാകലക്ടര്‍ യു.വി. ജോസിന്റെ അധ്യക്ഷതയില്‍ ഇന്നലെ വൈകീട്ട് ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 19 മൃതദേഹങ്ങളാണ് ഇതേവരെയായി ലഭിച്ചത്. 17 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്നലെ വൈകീട്ടോടെ പൂര്‍ത്തിയായി. ശേഖരിക്കുന്ന ഡി.എന്‍.എ സാമ്പിളുകള്‍ തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. 
25 മൃതദേഹങ്ങള്‍ വരെ സൂക്ഷിക്കാന്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൗകര്യമുണ്ട്. ആവശ്യമാകുന്ന പക്ഷം കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഒന്നും വടകര താലൂക്ക് ആശുപത്രിയിലെ നാലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ രണ്ടും തിരൂര്‍ ജില്ലാ ആശുപത്രിയിലെ നാലും തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ രണ്ടും മോര്‍ച്ചറി സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും തീരുമാനമായി. 
മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ഫിഷറീസ് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ക്കും മൃതദേഹങ്ങള്‍ പ്രാഥമികമായി സൂക്ഷിക്കുന്നതിനാവശ്യമായ ബോഡി ബാഗുകള്‍, ദുരന്തനിവാരണ അതോറിറ്റി വാങ്ങി നല്‍കും. മെഡിക്കല്‍ കോളജിലേക്ക് 10 സ്ട്രച്ചറുകളും അനുവദിക്കും.
കടലിലെ തിരച്ചില്‍ തുടരുന്നതിനും യോഗം തീരുമാനിച്ചു. ജില്ലാ പോലീസ് മേധാവി കാളിരാജ് മഹേഷ് കുമാര്‍, സബ് കലക്ടര്‍ വി.വിഘ്‌നേശ്വരി, ഡെപ്യൂട്ടി കലക്ടര്‍ പി.പി. കൃഷ്ണന്‍ കുട്ടി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന, ഡി.എം.ഒ ഡോ.വി. ജയശ്രീ, കടലോര സമിതി പ്രതിനിധി കരിച്ചാലി പ്രേമന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date