Skip to main content

അങ്കണവാടികള്‍ കുട്ടികളില്‍ വ്യക്തിത്വവികസനം സാധ്യമാക്കുന്നു:  മന്ത്രി എ.കെ ബാലന്‍

    അങ്കണവാടികളെ കുട്ടികളുടെ വിശപ്പടക്കാനുള്ള ഇടമായി കണ്ട് പരിമിതപ്പെടുത്തരുതെന്നും  അവ കൊച്ചു കുട്ടികളുടെ വ്യക്തിത്വവികസനം,സ്വഭാവം,ഭാവി  എന്നിവ രൂപപ്പെടുത്താനുള്ള പ്രധാനസ്ഥാപനമാണെന്നും നിയമ-സാംസ്കാരിക-പട്ടികജാതി-വര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. തരൂര്‍ നിയോജകമണ്ഡലത്തിലെ വടക്കുംമുറിയില്‍ നിര്‍മിച്ച അങ്കണവാടി കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്കണവാടികള്‍. കുട്ടികളെ രൂപപ്പെടുത്തുന്നതില്‍ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ യൂനിവേഴ്സിറ്റിവരെയുള്ള  പഠനത്തിന് പോലുമാകാത്ത പ്രധാന്യം ഈ മേഖലയ്ക്കുണ്ട്. അത് ഗൗരവത്തില്‍ മനസിലാക്കിവേണം ആയമാരും ടീച്ചര്‍മാരും പെരുമാറാന്‍. വീട്ടിലെ അന്തരീക്ഷത്തെക്കാള്‍ കുട്ടിയെ സ്വാധീനിക്കുന്ന ഇടമാണ് അങ്കണവാടികള്‍. കുട്ടിയുടെ വീട്ടിലെ അന്തരീക്ഷം മോശമാണെങ്കില്‍ ആ സ്വാധീനം മാറ്റിക്കിട്ടാന്‍ അനുയോജ്യമായ പ്രാഥമിക ബോധനിലവാരം അങ്കണവാടികളില്‍ ഉറപ്പാക്കണം. അതുകൊണ്ട് കുട്ടികള്‍ക്ക് മുന്‍പില്‍ ഏറ്റവും മാന്യമായി വേണം അങ്കണവാടി ജീവനക്കാര്‍ പെരുമാറാന്‍.  സ്നേഹവും പരിചരണവും കുട്ടികളുടെ അവകാശമാണ്. ടി വി, മൊബൈല്‍ സംസ്കാരങ്ങള്‍ സമൂഹത്തെ തെറ്റുകളെപോലും ശരിയാണ് എന്ന് തോന്നിപ്പിക്കുന്ന തലത്തിലേക്ക് ചിന്താഗതി മാറ്റുന്നുണ്ട്. നാട്ടില്‍ ജാതി, മത ,ശക്തികള്‍ സജീവമായതിന് പിന്നില്‍ ഇവരുടെ അജണ്ടയുണ്ട്.നല്ലകാര്യങ്ങളെപോലും വിമര്‍ശിച്ച് ഇല്ലാതാക്കാനുള്ള ശ്രമം ശക്തമാണ്. നല്ലതിലേക്ക് നീങ്ങുന്ന സമൂഹത്തെയും വ്യക്തികളെയും പിന്തിരിപ്പിക്കാനുള്ള ശക്തികള്‍ സജീവമാണ്.അവയെ തോല്പ്പിച്ച് നല്ലതിലേക്ക് നീങ്ങാന്‍ നല്ല പശ്ചാത്തലം കുട്ടികള്‍ക്കായി സജ്ജമാക്കണം.അങ്കണവാടികളില്‍ മതിയായ സ്ഥലവും പൂന്തോട്ടവും സജ്ജമാക്കണം. ജൈവ പച്ചക്കറി കൃഷി ഉള്‍പ്പെടെയുളളപ്രചോദനവും ആവശ്യമാണെന്ന്   മന്ത്രി പറഞ്ഞു. 
എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുളള 10 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. തദ്ദേശസ്വയംഭരണവകുപ്പ് എഞ്ചിനീയറിങ്  വിഭാഗമാണ്  പദ്ധതിയുടെ മേല്‍നോട്ടം നിര്‍വ്വഹിച്ചത്. 610 ചതുരശ്രഅടിയാണ് കെട്ടിടത്തിന്‍റെ വിസ്താരം. സിറ്റൗട്ട്, ക്ലാസ്റൂം, അടുക്കള, സ്റ്റോര്‍ റൂം, ബാത്ത് റൂം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. തരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി. മനോജ്കുമാര്‍ അധ്യക്ഷനായി. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി കെ ചാമുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം ലീലാ മാധവന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

date