Skip to main content

ജില്ലയില്‍ 5519 കോടി രൂപ വിതരണം ചെയ്തു

ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ജില്ലയിലെ ബാങ്കുകള്‍ 5519 കോടി രൂപ വിതരണം ചെയ്തതായി ജില്ലാതല ബാങ്കില്‍ അവലോകന യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. കാര്‍ഷിക മേഖലയ്ക്ക് 2307 കോടി രൂപയും വ്യാവസായികാവശ്യത്തിന് 386 കോടി രൂപയും മറ്റു മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് 898 കോടി രൂപയും മുന്‍ഗണനാവിഭാഗത്തില്‍ പെടാത്തവര്‍ക്ക് 1928 കോടി രൂപയും വായ്പയായി വിതരണം ചെയ്തു. ഹോട്ടല്‍ മലബാര്‍ പാലസില്‍ ചേര്‍ന്ന അവലോകന യോഗം പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ജില്ലയിലെ ബാങ്കുകള്‍ 692 വിദ്യാര്‍ഥികള്‍ക്കായി 30 കോടി രൂപ വായ്പയായി അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ മൊത്തം ബാങ്ക് നിക്ഷേപം 39,201 കോടി രൂപയും വായ്പ 27,267 കോടി രൂപയും ആണ്. കഴിഞ്ഞ വര്‍ഷത്തിനേക്കാള്‍ 9453 കോടി രൂപയുടെ നിക്ഷേപ വര്‍ധനവും 4520 കോടിയുടെ വായ്പാ വര്‍ധനവും രേഖപ്പെടുത്തി. 
ജില്ലാ കലക്ടര്‍ യു.വി. ജോസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ലീഡ് ബാങ്ക് ഡിവിഷണല്‍ മാനേജര്‍ പി.എല്‍.സുനില്‍, കോഴിക്കോട് കനറാ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സി. രവീന്ദ്രനാഥന്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ലീഡ് ജില്ലാ ഓഫീസര്‍ വി. ജയരാജ്, നബാര്‍ഡ് എ.ജി.എം എം.ഡ.ജെയിംസ് ജോര്‍ജ്, ബിനീഷ് തയ്യില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

date