വാഹനം ആവശ്യമുണ്ട്
വനിതാശിശു വികസന വകുപ്പിന് കീഴിലെ കോഴിക്കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കുവേണ്ടി വാഹനം (ജീപ്പ്/കാര്‍) നിബന്ധനകള്‍ക്ക് വിധേയമായി കരാര്‍ വ്യവസ്ഥയില്‍ ഓടുന്നതിന് വാഹന ഉടമകളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 25 രണ്ട് മണി വരെ. ഫോണ്‍ - 0495 2378920.
ആര്‍.ടി.എ യോഗം ജൂലൈ 10 ന്
കോഴിക്കോട്, വടകര ആര്‍.ടി.എ യോഗം ജൂലൈ 10 ന് രാവിലെ 10.30 ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് അപേക്ഷിക്കാം.
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ ചേളന്നൂര്‍, കക്കോടി, കാക്കൂര്‍, നന്‍മണ്ട, നരിക്കുനി, തലക്കൂളത്തൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കംമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ്, കിണര്‍ റീചാര്‍ജ്ജിങ്ങ്, കുളം നിര്‍മ്മാണം, പശു തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട് എന്നിവ ആവശ്യമുളള ഗുണഭോക്താക്കള്‍ അതാത് ഗ്രാമപഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസുമായി ജൂണ്‍ 30 നുളളില്‍ ബന്ധപ്പടണം. ഫോണ്‍ - 0495 2260944.
ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്
ഗവ.കോളേജ് തലശ്ശേരി, ചൊക്ലിയില്‍ അറബിക് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റും ആണ് യോഗ്യത. നെറ്റ് ഉളളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുളളവരെയും പരിഗണിക്കും. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ഇന്റര്‍വ്യൂ തീയതി ജൂണ്‍ 21 ന് രാവിലെ 11 മണി. ഫോണ്‍ - 04902393985.
ജനറല്‍ നേഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ്;
അപേക്ഷ ക്ഷണിച്ചു
ആരോഗ്യവകുപ്പിനു കിഴില്‍ കോഴിക്കോട് ബീച്ചിലുളള ഗവ. സ്‌കൂള്‍ ഓഫ് നേഴ്‌സിംഗില്‍ ഒക്‌ടോബറില്‍ ആരംഭിക്കുന്ന ജനറല്‍ നേഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസ്സായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി വിഭാഗത്തിലുളളവര്‍ക്ക് പാസ് മാര്‍ക്ക് മതിയാകും. സയന്‍സ് വിഷയങ്ങള്‍ പഠിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റുളളവരേയും പരിഗണിക്കും. അപേക്ഷകര്‍ക്ക് 2019 ഡിസംബര്‍ 31 ന് 17 വയസ്സില്‍ കുറയുവാനോ, 27 വയസ്സില്‍ കുടുവാനോ പാടില്ല. പിന്നോക്ക സമുദായക്കാര്‍ക്ക് മൂന്ന് വര്‍ഷവും പട്ടികജാതി/പട്ടികവര്‍ഗ്ഗം എന്നീ വിഭാഗക്കാര്‍ക്കും, പട്ടികജാതിയില്‍ നിന്നും പ്രായപൂര്‍ത്തിയായതിനുശേഷം മതപരിവര്‍ത്തനം ചെയ്തിട്ടുളളവര്‍ക്കും അവരുടെ സന്താനങ്ങള്‍ക്കും അഞ്ച് വയസ്സ് ഉയര്‍ന്ന പ്രായപരിധി ഇളവ് അനുവദിക്കും. അപേക്ഷാഫോമും, പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ (www.dhskerala.gov.in) ലഭ്യമാണ്. അപേക്ഷാ ഫീസ് പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 75 രൂപയും, മറ്റ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 250 രൂപയുമാണ്. അപേക്ഷാ ഫീസ് അപേക്ഷന്റെ/അപേക്ഷയുടെ പേരില്‍ സര്‍ക്കാര്‍ ട്രഷറിയില്‍ 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ അടക്കേണ്ടതാണ്. ഒറിജിനല്‍ ചെലാന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പ്രിന്‍സിപ്പാള്‍, ഗവ. സ്‌കൂള്‍ ഓഫ് നേഴ്‌സിംഗ്, ബീച്ച് (പോസ്റ്റ്), കോഴിക്കോട് 673032 എന്ന വിലാസത്തില്‍ ജൂലൈ 10 ന് വൈകീട്ട് അഞ്ച് മണിക്കകം ലഭിക്കണം. ഫോണ്‍ - 0495 2365977.
സുവര്‍ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു
കോഴിക്കോട് ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ജന്തുശാസ്ത്രവിഭാഗം സുവര്‍ണ ജൂബിലി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കും. കോളേജില്‍ ചേര്‍ന്ന ആഘോഷ കമ്മിറ്റി രൂപീകരണ യോഗത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി ബാലു പൂക്കാട് രൂപകല്‍പ്പന ചെയ്ത ലോഗോ പ്രകാശനം ചെയ്തു. സെമിനാര്‍, എക്‌സിബിഷന്‍, പരിസ്ഥിതി ക്യാമ്പ്, ഹൈസ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ തുടങ്ങി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ രാഘവന്‍ എം.പി, എം.എല്‍.എമാരായ ഡോ എം.കെ മുനീര്‍, വി.കെ.സി മമ്മദ് കോയ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ഷമീല്‍, നജ്മ, നമ്പിടി നാരായണന്‍ എന്നിവര്‍ രക്ഷാധികാരികളായും കോളേജ് പ്രിന്‍സിപ്പാള്‍ ഡോ എസ് ജയശ്രീ ചെയര്‍പേഴ്‌സണായും വകുപ്പ് മേധാവി ഡോ യു.കെ.എ സലീം ജനറല്‍ കണ്‍വീനറായും സുവര്‍ണ ജൂബിലി ആഘോഷ കമ്മറ്റി രൂപീകരിച്ചു. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി വിവിധ സബ് കമ്മറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. ഡോ ഷീന പി, അബ്ദുള്‍ റിയാസ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments