Skip to main content

ബാങ്കുകളുടെ ജില്ലാതല യോഗം നടത്തി

 

ബാങ്കുകളുടെയും ലൈന്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെയും രണ്ടാം സാമ്പത്തിക പാദത്തിന്റെ അവലോകന യോഗം നടന്നു. കാര്‍ഷിക മേഖലയിലും മൈക്രോ സ്‌മോള്‍ വ്യവസായ സംരംഭങ്ങളിലും ബാങ്കുകളുടെ ക്രിയാത്മക ഇടപെടല്‍ ഉണ്ടാകണമെന്ന് യോഗത്തില്‍  അദ്ധ്യക്ഷത വഹിച്ച എഡിഎം കെ. രാജന്‍ പറഞ്ഞു. നിലവില്‍ രണ്ടു ശതമാനം മാത്രമാണ് മൈക്രോ സ്‌മോള്‍ വ്യവസായ സംരംഭങ്ങളില്‍ വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞിട്ടുളളൂ. വാര്‍ഷിക ടാര്‍ജറ്റ് 181.36 കോടി രൂപയാണ്. രണ്ടാം പാദത്തില്‍ വായ്പ നല്‍കിയിട്ടുളളത് 3.99 കോടി രൂപ മാത്രമാണ്. ലോണ്‍ വ്യവസ്ഥകള്‍ ഉദാരമാക്കി ഈ രംഗത്ത് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കഴിയണം. കാര്‍ഷിക രംഗത്തും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ ബാങ്കുകള്‍ ശ്രദ്ധിക്കണം. ഡിപ്പോസിറ്റുകളുടെ കാര്യത്തില്‍ ബാങ്കുകള്‍ ഉണ്ടാക്കുന്ന നേട്ടം തുക വിനിയോഗത്തിലും പ്രതിഫലിക്കണം- അദ്ദേഹം പറഞ്ഞു. 

 

ബാങ്കുകളുടെ ജില്ലാ കെഡ്രിറ്റ് പ്ലാന്‍ ടാര്‍ജറ്റ് 2017-18 സാമ്പത്തിക വര്‍ഷം 16196 കോടി രൂപയാണ്. രണ്ടാം പാദത്തില്‍ വായ്പ ഇനത്തില്‍ ചെലവഴിച്ചത് 5457 കോടി രൂപയാണ്. പ്രയോരിറ്റി സെക്ടറില്‍ 3413.52 കോടി രൂപയും ദുര്‍ബല വിഭാഗത്തില്‍ 2861.59 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. കാര്‍ഷിക വിഭാഗത്തില്‍ 2048.04 കോടി രൂപ ചെലവഴിച്ചു. എന്നാല്‍ ജില്ലയിലെ കാര്‍ഷിക വിഭാഗത്തിലെ വാര്‍ഷിക ടാര്‍ജറ്റ് 6668.32 കോടി രൂപയാണ്. സേവന വിഭാഗത്തില്‍ ബാങ്കുകള്‍ 85 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്. വാര്‍ഷിക ടാര്‍ജറ്റ് 2368.35 കോടി രൂപയായിരിക്കെ രണ്ടാം പാദത്തില്‍ തന്നെ 2013.65 കോടി രൂപ ചെലവഴിക്കാന്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞു. 

 

ബാങ്കുകളില്‍ നിന്നുളള വായ്പ കുടിശ്ശിക തീര്‍പ്പാക്കുന്നതിന് 2018 ജനുവരി നാലു മുതല്‍ 24 വരെ റവന്യൂ റിക്കവറി അദാലത്ത് നടത്താന്‍ തീരുമാനിച്ചതായി  ലീഡ് ബാങ്ക് മാനേജര്‍ ചന്ദ്രശേഖരന്‍ അറിയിച്ചു. ഏഴു കോടി രൂപയുടെ കേസുകള്‍ മുന്‍ അദാലത്തുകളില്‍ തീര്‍പ്പാക്കിയിട്ടുണ്ട്. ഇപ്രകാരം സ്‌പോട്ട് റിക്കവറിയായി ഒരു കോടി രൂപ സമാഹരിച്ചതായും അദ്ദേഹം പറഞ്ഞു. 

 

വിവിധ ലൈന്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെ അവലോകനവും നടന്നു. വനിതകളെയും എസ്.സി, എസ്.ടി വിഭാഗങ്ങളെയും വ്യവസായ സംരഭങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി വരുന്ന സ്റ്റാന്‍ഡ് അപ് ഇന്‍ഡ്യാ പദ്ധതിയില്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന് ബാങ്കുകള്‍ മുന്‍കൈ എടുക്കണമെന്ന് ആര്‍ബിഐ പ്രതിനിധി പി. എ ജോസഫ് പറഞ്ഞു. 10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വ്യവസായം തുടങ്ങാന്‍ ലോണ്‍ ലഭിക്കുന്ന പദ്ധതിയാണിത്. സ്റ്റാന്‍ഡ് അപ് ഇന്‍ഡ്യാ പദ്ധതിയില്‍ ജില്ലയില്‍ നിന്ന് അപേക്ഷകര്‍ കുറവാണെന്നുളളത് നബാര്‍ഡ് ഡിജിഎം കെ.ബി ദിവ്യ ചൂണ്ടിക്കാട്ടി. ജെഎല്‍ജി ഗ്രൂപ്പുകള്‍, അയല്‍ക്കൂട്ടങ്ങള്‍, തുടങ്ങിയ  ഗ്രാസ് റൂട്ട്  ലെവല്‍ സംഘങ്ങളെ ബാങ്കുകളുമായി ലിങ്ക് ചെയ്യുന്നതിന് ആവശ്യമായ ബോധവത്ക്കരണം നടത്തുന്നതിന് ബാങ്കുകള്‍ തന്നെ മുന്‍കൈയെടുക്കണം. ബാങ്കുകളുടെ ഡിജിറ്റിലൈസേഷന്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും ശ്രദ്ധിക്കണം. വിദ്യാഭ്യാസ ലോണ്‍ സംബന്ധിച്ച അറിയിപ്പുകളും നിബന്ധനകളും കാലതാമസം കൂടാതെ അപേക്ഷകരെ അറിയിക്കാനും ലോണ്‍ നിരസിക്കപ്പെടുന്ന സാഹചര്യത്തില്‍ അതിന്റെ കാരണം താമസംവിനാ അപേക്ഷകര്‍ക്ക് മനസ്സിലാക്കി കൊടുക്കാനുമുളള ഉത്തരവാദിത്തം ബാങ്കുകള്‍ക്കുണ്ട്. കുടുംബശ്രീയുടെ 16,000 ഗ്രൂപ്പുകളെയും 3000 ഇതര ഗ്രൂപ്പുകളെയും ഉള്‍പ്പെടുത്തി നബാര്‍ഡിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ഡാറ്റാ ബാങ്ക് ഉണ്ടാക്കാന്‍ നടപടി സ്വീകരിച്ചു വരുന്നു. ഗ്രാസ് റൂട്ട് ലെവലില്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ കൗണ്‍സിലര്‍മാര്‍ കുടുംബശ്രീ ബ്ലോക്ക്തല കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ക്ക് സര്‍ക്കാരിന്റെയും ബാങ്കുകളുടെയും വിവിധ സ്‌കീമുകള്‍ സംബന്ധിച്ച് ബോധവത്ക്കരണം ആവശ്യമാണെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ എസ്.ബി.ഐ റീജിയണല്‍ മാനേജര്‍ പി.എന്‍ ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 

                                                           (കെ.ഐ.ഒ.പി.ആര്‍-2164/17)

date