ക്വിറ്റ് ടു കെയര്‍ -ഉദ്ഘാടനം ഇന്ന് (ജൂണ്‍ 26)
ജില്ലാ ഭരണകൂടവും ദേശീയ ആരോഗ്യദൗത്യവും ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആരംഭിക്കുന്ന പുകയിലവിരുദ്ധ പരിപാടിയായ ക്വിറ്റ് ടു കെയര്‍ കാമ്പയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (ജൂണ്‍ 26) രാവിലെ 10-ന് നടക്കും. ജില്ലാഭരണകൂടവും ദേശീയ ആരോഗ്യ ദൗത്യവും ഒരുമിച്ച് നടത്തുന്ന പരിപാടി പോലീസിന്റെയും എക്‌സൈസ് വകുപ്പിന്റെയും സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. തൊണ്ടയാട് ചിന്‍മയ വിദ്യാലയത്തിന്റെ ചിന്മയാഞ്ജലി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങ്.
ക്യാമ്പെയിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികളെ വീതം തെരഞ്ഞെടുത്ത് അവര്‍ക്ക് വേണ്ട പരിശീലനം നല്‍കി വിദ്യാലയങ്ങളിലും സമൂഹത്തിലും പുകയില വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു. ഇതിനായി ഓരോ വിദ്യാലയത്തില്‍ നിന്നും ഒരു നോഡല്‍ ടീച്ചറെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ 177 കുട്ടികളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. പരിപാടിയുടെ ലോഗോ പ്രകാശനവും തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ക്യൂ റ്റി സി വളണ്ടിയേഴ്‌സിന്റെ ബാഡ്ജും നല്‍കുന്നുണ്ട്. തുടര്‍ന്ന് തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിശീലനം നല്‍കും. പരിശീലനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ നോഡല്‍ ഓഫീസറുടെ സഹായത്തോടെ വിദ്യാലയങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ഓരോ വിദ്യാലയങ്ങളിലും വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുകയും ചെയ്യും. കൂടാതെ വിദ്യാലയങ്ങളുടെ പരിസരത്തുള്ള കടകളില്‍ പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തും. മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന വിദ്യാലയങ്ങള്‍ക്കു സമ്മാനം നല്‍കും. വളണ്ടിയിര്‍മാരെ ഉപയോഗപ്പെടുത്തി മറ്റു പൊതുമേഖലാസ്ഥാപനങ്ങളില്‍ ബോധവല്‍ക്കരണപരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജില്ലാ കലക്ടര്‍ സാംബശിവറാവു പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ അധ്യക്ഷത വഹിക്കും. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഹരിദാസന്‍ പിസി, ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് എക്‌സൈസ് വി ആര്‍ അനില്‍കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുരേഷ് കുമാര്‍ ഇ.കെ, അഡീ ഡി.എം.ഒ എസ് എന്‍ രവികുമാര്‍, അഡീ. ഡി.എം.ഒ ആശാദേവി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ മണി എംപി, ചിന്മയ വിദ്യാലയം പ്രിന്‍സിപ്പല്‍ കെ പി ശ്രീജിത്ത്,ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ നവീന്‍ എ തുടങ്ങിയവര്‍ പങ്കെടുക്കും
- Log in to post comments