തുല്യതക്കായി നിയമപരമായ അറിവ് നേടണം -അഡ്വ.എം.എസ് താര
തുല്യതക്കായി നിയമപരമായ അറിവ് നേടണം -അഡ്വ.എം.എസ് താര
സ്ത്രീകള്‍ക്ക് സമൂഹത്തില്‍ തുല്യത നേടണമെങ്കില്‍ നിയമപരമായ അറിവ് നേടി അന്തസ്സും പദവിയും ആര്‍ജിച്ച് സമൂഹത്തിന് മുന്നിലേക്ക് കടന്നുവരണമെന്ന് കേരള വനിതാ കമ്മീഷന്‍ അംഗം അഡ്വ.എം.എസ് താര പറഞ്ഞു. സ്ത്രീകള്‍ക്കായി അഴിയൂരില്‍ നടത്തിയ നിയമ ബോധവല്‍ക്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയ്യൂബ്ബ് അദ്ധ്യക്ഷത വഹിച്ചു. സൈബര്‍ ലോകത്തെ നിയമങ്ങളെ കുറിച്ച് കോഴിക്കോട് സൈബര്‍ സെല്‍ എ എസ്.ഐ. സത്യന്‍ കരായാട് ,സ്ത്രീകളും തൊഴില്‍ നിയമങ്ങളും എന്ന വിഷയത്തില്‍ അഡ്വ.ജെമിനി എന്നിവര്‍ ക്ലാസ്സെടുത്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന രയരോത്ത്, സ്ഥിരം സമിതി അദ്ധ്യക്ഷകളായ ഉഷ ചാത്താംങ്കണ്ടി ,സുധ മാളിയക്കല്‍, പഞ്ചായത്ത് സെക്രട്ടറി.ടി.ഷാഹുല്‍ ഹമീദ്, കുടുംബശ്രി. സി.ഡി.എസ്. ചെയര്‍പെഴ്സണ്‍ ബിന്ദു. ജയ്‌സണ്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആരോഗ്യമേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് കോഴിക്കോട് ജില്ലാപഞ്ചായത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം
നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി നല്‍കുന്ന പുരസ്‌കാരത്തിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അര്‍ഹമായി. സംസ്ഥാനത്ത് രണ്ടാം സ്ഥാനമാണ് ജില്ലാപഞ്ചായത്തിന് ലഭിച്ചത്. ആരോഗ്യ രംഗത്തെ സ്ഥിരം പദ്ധതികള്‍ക്ക് പുറമെ നൂതനമായ നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടത്തിവരുന്നത്. സ്നേഹസ്പര്‍ശം പദ്ധതിയിലുള്‍പ്പെടുത്തി ഡയാലിസിസിന് വിധേയമാവുന്ന രോഗികള്‍ക്ക് ഓരോ വര്‍ഷവും നാല് കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്. എയ്ഡ്സ് രോഗികളുടെ സംരക്ഷണത്തിനായി ജില്ലയില്‍ രണ്ട് ഷെല്‍ട്ടര്‍ ഹോമുകളും ഒരുക്കിയിട്ടുണ്ട്. രണ്ട് പരിചാരകരുടെ സേവനവും മരുന്നും ഭക്ഷണവുമെല്ലാം രോഗികള്‍ക്ക് സൗജന്യമായാണ് ഇവിടെ ലഭിക്കുന്നത്.
ആയുര്‍വേദ ചികിത്സ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് ആയുഷ് കോണ്‍ക്ലേവില്‍ അംഗീകാരത്തിനര്‍ഹമായ സ്പന്ദനം എന്ന പദ്ധതിയും ജില്ലാ പഞ്ചായത്ത് നടത്തി വരുന്നു. പഠന വൈകല്യമുള്ളതും മാനസിക വളര്‍ച്ചയെത്താത്തതുമായ കുട്ടികളെ ചികിത്സിച്ച് മറ്റ് കുട്ടികള്‍ക്കൊപ്പമെത്തിക്കുന്ന ശ്രദ്ധേയമായ പദ്ധതിയാണ് സ്പന്ദനം. ഹോമിയോ ചികിത്സാരംഗത്തും മികവാര്‍ന്ന പ്രവര്‍ത്തനമാണ് ജില്ലാ പഞ്ചായത്ത് കാഴ്ചവെക്കുന്നത്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്കായി ആരംഭിച്ച ചികിത്സാപദ്ധതിയായ സീതാലയത്തില്‍ 150 ദമ്പതികളാണ് ഉള്‍പ്പെട്ടത്. പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കി വരുന്നു. ജില്ലാ ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്ന രോഗികള്‍ക്കായി പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കാനാണ് ജില്ലാ പഞ്ചായത്ത് ഉദ്ദേശിക്കുന്നതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.
- Log in to post comments