മാലിന്യസംസ്കരണം ശാസ്ത്രീയമാക്കും ജസ്റ്റിസ് എ.വി രാമകൃഷ്ണപിള്ള
മാലിന്യങ്ങള്‍ പരിസ്ഥിതിക്കനുയോജ്യമായി ശാസ്ത്രീയമായ രീതിയില്‍ സംസ്കരിക്കുമെന്ന് ജസ്റ്റിസ് എ.വി രാമകൃഷ്ണപിള്ള. വെള്ളാപ്പാറ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ മാലിന്യനിയന്ത്രണ ബോര്‍ഡ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യനിയന്ത്രണ ബോര്‍ഡിന്റെ ഖരമാലിന്യ സംസ്കരണ ചട്ടങ്ങള്‍ 2016 നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി സംസ്ഥാനതല നിരീക്ഷണ സമിതിയും ജില്ലാതല നിരീക്ഷണ സമിതിയും രൂപീകരിച്ചു. അതിന്റെ ഭാഗമായി ജില്ലാതലത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആദ്യയോഗം ചേര്‍ന്നു.
ജില്ലയിലെ വിവിധതരം മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന്റെയും മഴക്കാലശുചീകരണ പ്രവര്‍ത്തനങ്ങളുടെയും പുരോഗതികള്‍ യോഗത്തില്‍ വിലയിരുത്തി. മാലിന്യസംസ്കരണത്തിന്റെ ഭാഗമായി കുട്ടികള്‍ മുതലുള്ളവര്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ജില്ലകളിലെ ചെക്ക്പോസ്റ്റുകളുടെ പ്രവര്‍ത്തനം ശക്തമാക്കും. അതോടൊപ്പം ആവശ്യമായ ജീവനക്കാരെ ഇതിനായി വകുപ്പ് നിയമിക്കും. അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷാനടപടികള്‍ ഉണ്ടാകുമെന്നും ജസ്റ്റിസ് പറഞ്ഞു.
യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ആന്റണി സ്കറിയ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിയ.എന്‍, ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സാജു സ്കറിയ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി കുര്യാക്കോസ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ദിനേശ് എം. പിള്ള, ഹരിതകേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി.എസ് മധു, മൂന്നാര്‍ ഡി.എഫ്.ഒ എസ് വിക്രം ദാസ്, കെ.എസ്.പി.എസ്.ബി ഓഫീസര്‍ ബാബുരാജന് പി.കെ,എം.എ ബൈജു, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments