കുട്ടികളുടെ അവകാശ സംരക്ഷണം; പരാതി അറിയിക്കാം
കുട്ടികളുടെ അവകാശ സംരക്ഷണം;
പരാതി അറിയിക്കാം
ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നേരിട്ട് ഇടപ്പെട്ട് പരിഹാരം കാണുന്നതിനായി ജൂലൈ 12 ന് വയനാട് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ എ.പി.ജെ ഹാളില്‍ സിറ്റിംഗ് നടത്തും. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും മേഖലയില്‍ പരാതി സമര്‍പ്പിക്കാനുളളവര്‍ എഴുതി തയ്യാറാക്കിയ പരാതികള്‍ വനിതാശിശുവികസന വകുപ്പിന്റെ കീഴിലെ ഐ.സി.ഡി.എസ് ഓഫീസുകളിലും, കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ ശിശുസംരക്ഷണ ഓഫീസിലും നേരിട്ട് നാളെ (ജൂലൈ 5) വരെ സമര്‍പ്പിക്കാം.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 15 ന് 2 മണി.
റേഷന്‍ വിതരണം
ജൂലൈ മാസത്തില്‍ എ.എ.വൈ. വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി 30 കിലോ ഗ്രാം അരിയും, 5 കിലോഗ്രാം ഗോതമ്പും, 21 രൂപ നിരക്കില്‍ ഒരു കി.ഗ്രാം പഞ്ചസാരയും ലഭിക്കും. മുന്‍ഗണനാ വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് ഒരംഗത്തിന് രണ്ട് രൂപ നിരക്കില്‍ 4 കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും, മുന്‍ഗണനേതര (സബ്‌സിഡി) കാര്‍ഡുകള്‍ക്ക് ഒരംഗത്തിന് നാല് രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം അരിയും ലഭ്യതയനുസരിച്ച് 17 രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം ആട്ടയും മുന്‍ഗണനേതര (നോണ്‍ സബ്‌സിഡി) കാര്‍ഡുകള്‍ക്ക് കാര്‍ഡിന് കിലോ ഗ്രാമിന് 10.90 രൂപ നിരക്കില്‍ 9 കിലോഗ്രാം അരിയും, ലഭ്യതയനുസരിച്ച് 17 രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം ആട്ടയും, വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് ലിറ്ററിന് 36 രൂപ നിരക്കില്‍ 4 ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിച്ച വീടുകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയും റേഷന്‍കടകളില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
കുളമ്പ് രോഗ പ്രതിരോധം;
മോണിറ്ററിംഗ് കമ്മറ്റി രൂപികരണ യോഗം ഇന്ന്
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോരക്ഷാ പദ്ധതിയില്‍ 26-ാം ഘട്ട കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിക്ക് ജില്ലയില്‍ ജൂലൈ 10 ന് തുടക്കമാകും. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാതല മോണിറ്ററിംഗ് കമ്മറ്റി രൂപികരണ യോഗം ഇന്ന് ( ജൂലൈ 4) രാവിലെ 11 മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.
മുട്ടക്കോഴി, കോഴിക്കൂട് വിതരണം
നഗര പ്രദേശത്ത് പരിമിതമായ സ്ഥലത്ത് കെജ് സമ്പ്രദായത്തില്‍ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി പ്രകാരം കോഴിക്കൂടും നാല്/അഞ്ച് മാസം പ്രായമായ കോഴി കുഞ്ഞുങ്ങളെയും മൃഗസംരക്ഷണ വകുപ്പ് വിതരണം ചെയ്യുന്നു. 50 ശതമാനം സബ്സിഡി നല്‍കുന്ന പദ്ധതിയില്‍ ഗുണഭോക്തൃവിഹിതമായ 5000 രൂപയും സര്‍ക്കാര്‍ വിഹിതമായ 5000 രൂപയും ചേര്‍ത്ത് 10000 രൂപയാണ് യൂണിറ്റ് ഒന്നിന്റെ ചെലവ്. മുന്‍സിപ്പല്‍ പ്രദേശത്തുളള അപേക്ഷകര്‍ യഥാക്രമം മൃഗസംരക്ഷണ വകുപ്പ് സ്ഥാപനങ്ങളായ വെറ്ററിനറി ഹോസ്പിറ്റല്‍ കൊയിലാണ്ടി, വെറ്ററിനറി പോളിക്ലിനിക്ക് വടകര, വെറ്ററിനറി ഡിസ്പെന്‍സറി അയനിക്കാട് എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കണം. അവസാന തീയതി ജൂലൈ 27.
ആടു വളര്‍ത്തലില്‍ പരിശീലനം
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാവസായി കാടിസ്ഥാനത്തില്‍ ആടു വളര്‍ത്തലില്‍ താല്‍പര്യമുളള കര്‍ഷകര്‍ക്ക് നാല് ദിവസത്തെ പരിശീലന പരിപാടി കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ റീജ്യണല്‍ അനിമല്‍ ഹസ്ബന്‍ഡറി സെന്റര്‍ പരിശീലന കേന്ദ്രത്തില്‍ നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ജൂലായ് 15 ന് മുമ്പായി അപേക്ഷാ ഫോം പൂരിപ്പിച്ച് റീജ്യണല്‍ അനിമല്‍ ഹസ്ബന്‍ഡറി സെന്ററില്‍ നല്‍കണം.
- Log in to post comments