മുതുകാട് മരം മുറിക്കല്‍: സ്വകാര്യവ്യക്തികളുടെ വനേതരഭൂമിക്ക് ബാധകമായ പൊതുനിയമപ്രകാരം മാത്രം നടപടികള്‍
കുറ്റ്യാടി ജലസേചന പദ്ധതിക്ക് സ്ഥലം വിട്ടു നല്കിയ 41 കര്‍ഷകര്‍ക്ക് പകരം നല്‍കിയ ചക്കിട്ടപ്പാറ മുതുകാട് ഭൂമിയില്‍ മരം മുറിക്കുന്നത് സംബന്ധിച്ച പ്രശ്‌നത്തിന് പരിഹാരം. ഭൂമി ഫോറസ്റ്റ് വകുപ്പിന്റെ അധീനതയിലുള്ളതല്ലെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ അറിയിച്ചു. സംരക്ഷിത വൃക്ഷങ്ങള്‍ക്ക് ബാധകമായ അനുമതി മാത്രമേ മരം മുറിക്കുന്നതിന് ഈ പ്രദേശത്തും ആവശ്യമുള്ളൂ. മരം മുറിക്കുന്നതിന്, സംസ്ഥാനത്തെ സ്വകാര്യ വ്യക്തികളുടെ വനേതര ഭൂമിക്ക് ബാധകമായ പൊതു നിയമപ്രകാരമുള്ള നടപടികള്‍ മാത്രം ഉടമസ്ഥര്‍ സ്വീകരിച്ചാല്‍ മതി. ബന്ധപ്പെട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് അപേക്ഷ പരിശോധിച്ച് മരം മുറിക്കുന്നതിനും മുറിച്ച മരം നീക്കം ചെയ്യുന്നതിനും അനുമതി നല്‍കാം.
ചക്കിട്ടപ്പാറ മുതുകാട് വില്ലേജില്‍ കെ ജെ ജോസഫ് എന്ന വ്യക്തിയുടെ ഭൂമിയില്‍ മുറിച്ച മരം നീക്കം ചെയ്യുന്നതിന് നേരത്തെ വനംവകുപ്പ് തടസ്സമുന്നയിച്ചിരുന്നു. സ്വകാര്യഭൂമിയാണോ സര്‍ക്കാര്‍ പതിച്ചു നല്കിയ ഭൂമിയാണോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നായിരുന്നു വനംവകുപ്പിന്റെ ആവശ്യം.
1970- ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരമാണ് ഭൂമി നല്കിയിരിക്കുന്നത്. സ്ഥലത്തെ മരങ്ങളുടെ വില അന്നു തന്നെ ഉടമസ്ഥരില്‍ നിന്നും സര്‍ക്കാരിലേക്ക് ഈടാക്കിയിരുന്നുവെന്ന് രേഖകള്‍ പരിശോധിച്ച ശേഷം ജില്ലാ കളക്ടര്‍ സാംബശിവറാവു യോഗത്തില്‍ അറിയിച്ചു.. ഇപ്പോഴത്തെ ഉടമസ്ഥര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ എല്ലാം ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് തഹസില്‍ദാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
യോഗത്തില്‍ ഡിഎഫ്ഒ വി പി ജയപ്രകാശ്, ഡപ്യൂട്ടികളക്ടര്‍മാരായ സി ബിജു, ഷാമിന്‍ സെബാസ്റ്റിയന്‍, ലോ ഓഫീസര്‍ എന്‍ വി സന്തോഷ്, കൊയിലാണ്ടി തഹസില്‍ദാര്‍ അനി ബി പി, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments