Skip to main content

ആധുനിക സര്‍വ്വെ ഉപകരണങ്ങളില്‍ സര്‍വ്വെ ജീവനക്കാര്‍ക്ക് പരിശീലനം

കൊച്ചി: ഭൂമി സര്‍വെ ചെയ്യുന്നതിനും അതിര്‍ത്തി തര്‍ക്കങ്ങള്‍ മില്ലീ മീറ്റര്‍ വ്യത്യാസം പോലും വരാതെ പരിഹരിക്കുന്നതിനും സാറ്റലൈറ്റ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആധുനിക സര്‍വ്വേ ഉപകരണങ്ങളില്‍ സര്‍വ്വെ ജീവനക്കാര്‍ക്കുളള പരിശീലനത്തിന് കളക്ടറേറ്റില്‍ തുടക്കമായി.
ജില്ലയിലെ വിവിധ സര്‍വ്വെ ഓഫീസുകളില്‍ ജോലി ചെയ്തുവരുന്ന ഹെഡ് ഡ്രാഫ്റ്റ്മാന്‍, ഹെഡ് സര്‍വ്വെയര്‍, സര്‍വ്വെയര്‍, ഡ്രാഫ്റ്റ്മാന്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന സര്‍വ്വെ ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കുന്നത്.
ആധുനിക സര്‍വ്വെ ഉപകരണങ്ങള്‍ ഉപയോഗിച്ച്  സര്‍വ്വെ ജോലി ചെയ്യുന്നതില്‍ പ്രാപ്തരാക്കുകയെന്നതാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്. നേരത്തെ പരിശീലനം ലഭിച്ചിട്ടുളള ജീവനക്കാര്‍ക്കുവേണ്ടി ആറ് ദിവസത്തെ റിഫ്രഷ്‌മെന്റ് കോഴ്‌സും ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്.
ടോട്ടല്‍ സ്റ്റേഷന്‍ എന്ന ആധുനിക സര്‍വ്വ ഉപകരണം ഉപയോഗിച്ച് ഫീല്‍ഡ് സര്‍വ്വെ, ട്രാവേഴ്‌സ് സര്‍വ്വെ, റീഫിക്‌സിംഗ് എന്നീ ജോലികള്‍ നിര്‍വഹിക്കുന്നതിനാണ് മുഖ്യമായും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നത്.  റ്റി.എസ്.11, റ്റി.എസ്.1200 എന്നീ മോഡലുകളിലുളള വിലപിടിപ്പുളള ടോട്ടല്‍ സ്റ്റേഷന്‍ മെഷിനുകളിലാണ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നത്. പ്രായോഗിക പരിശീലനം കളക്ടറേറ്റിലെ പരേഡ് ഗ്രൗണ്ടിലും കമ്പ്യൂട്ടര്‍-തിയറി പരിശീലനം റീസര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലും നടത്തുന്നു.
സര്‍വ്വെ ഡപ്യൂട്ടി ഡയറക്ടര്‍ പി.മധുലിമായയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിശീലനത്തിന്റെ കോഴ്‌സ് ഡയറക്ടര്‍ റീസര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍.സോമനാഥനും പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഹെഡ് സര്‍വ്വെയര്‍ ഇ.എം.അമീറുമാണ്.
ജില്ലാ സര്‍വ്വെ സൂപ്രണ്ട് എം.എന്‍.അജയകുമാര്‍, സര്‍വ്വെയര്‍ തമ്പിപോള്‍, ജില്ലാ ഹെഡ് സര്‍വ്വെയര്‍ ബി.വിജയകുമാര്‍ തുടങ്ങിയ സാങ്കേതിക വിദഗ്ധര്‍ ജീവനക്കാര്‍ക്ക് സര്‍വ്വെ സംബന്ധമായ ക്ലാസുകള്‍ എടുക്കും. 32 പേര്‍ അടങ്ങിയ ആദ്യബാച്ച് വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി രണ്ടാമത്തെ ബാച്ചിന്റെ പരിശീലനമാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്ന സര്‍വ്വെ ജീവനക്കാര്‍ക്ക് കോഴ്‌സ് സര്‍ട്ടിഫിക്കറ്റും നല്‍കും.

 

date