പാഠം വിദ്യാലയ വികസന പദ്ധതി പ്രഖ്യാപനം ഇന്ന്
പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള പൊതുവിദ്യാലയങ്ങളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് ആവിഷ്‌ക്കരിച്ച പാഠം (പേരാമ്പ്ര ആക്ഷന്‍ പ്ലാന്‍ ഓഫ് അക്കാദമിക് ഡവലപ്‌മെന്റ് ആന്റ് മോഡേണൈസേഷന്‍) വിദ്യാലയ വികസന പദ്ധതി പ്രഖ്യാപനം ഇന്ന് (ജൂലായ് 6) നടക്കും. മണ്ഡലത്തിലെ മുഴുവന്‍ ബ്ലോക്ക്-ഗ്രാമ-പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍, അധ്യാപകര്‍, സ്‌കൂള്‍ മാനേജര്‍മാര്‍, പി.ടി.എ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന വിദ്യാഭ്യാസ സംഗമത്തിലാണ് പദ്ധതി പ്രഖ്യാപിക്കുക. രാവിലെ 10 മണിക്ക് പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന വിദ്യാഭ്യാസ സംഗമം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി ഐ.ടി അധിഷ്ഠിത പഠനം, ടാലന്റ് ലാബ്, കായിക ശേഷി വികസനം, ജൈവവൈവിധ്യ ഉദ്യാനം എന്നിവ നടപ്പാക്കുന്നുണ്ട്. ശാസ്ത്രം, ഗണിതം, കല, കായിക മേഖലയില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് പ്രത്യേക പഠന സൗകര്യവും എട്ടാം ക്ലാസ് മുതല്‍ കരിയര്‍ ഗൈഡന്‍സും പാഠം പദ്ധതി ലക്ഷ്യമിടുന്നു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌ന പരിഹാരത്തിനായി ഹെല്‍പ്പ് ഡസ്‌ക്കും പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ രൂപീകരിക്കും.
അടിയന്തിര ധനസഹായം വിതരണം ചെയ്തു
മത്സ്യബന്ധനത്തിനിടെ പുഴയില്‍ മുങ്ങിമരിച്ച പാവയില്‍ ചീര്‍പ്പ് തിരുത്തോന ബാലന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം നല്‍കി. മത്സ്യബോര്‍ഡ് ചെയര്‍മാന്‍ സി പി കുഞ്ഞിരാമന്‍ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്. മേഖല എക്‌സിക്യൂട്ടീവ് ഒ. രേണുകാദേവി, ജൂനിയര്‍ എക്‌സിക്യൂട്ടീവ് ആദര്‍ശ് സി, ഫിഷറീസ് ഓഫീസര്‍ ജയചന്ദ്രന്‍ ടി. സി., സഹകരണ സംഘം ഭാരവാഹികളായ
വിജയന്‍ ടി കെ, ഭരതന്‍ എന്നിവരും സന്നിഹിതരായിരുന്നു.
മാനേജ്‌മെന്റ് ട്രെയിനി തെരഞ്ഞടുപ്പ്;
അപേക്ഷ ക്ഷണിച്ചു
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ കോഴിക്കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലേക്ക് 5 മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞടുക്കുന്നതിനായി ജില്ലയിലെ സ്ഥിര താമസക്കാരായ പട്ടികവര്‍ഗ്ഗ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസ്സായവരും 01.01.2019 ല്‍ 18 വയസ്സ് പൂര്‍ത്തിയായവരും 35 വയസ്സ് കവിയാത്തവരും ആയിരിക്കണം. ബിരുദധാരികള്‍ക്ക് 5 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും.
ഉദ്യോഗാര്‍ത്ഥികളുടെ വാര്‍ഷിക വരുമാനം (കുടുംബനാഥന്റെ/സംരക്ഷകന്റെ വരുമാനം) 40,000 രൂപയില്‍ കവിയരുത് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10000 ഹോണറേറിയം നല്‍കും. നിയമനം അപ്രന്റീസ്ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങള്‍ക്ക് വിധേയമായി പരമാവധി ഒരു വര്‍ഷത്തേക്ക്, താല്‍കാലികമായിരിക്കും. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. അപേക്ഷ ഫോം താമരശ്ശേരി മിനി സിവില്‍ സ്റ്റേഷനിലെ കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സി ബ്ലോക്കിലെ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 31 വൈകീട്ട് അഞ്ച് മണി. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ഒരു തവണ പരിശീലനം നേടിയവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ല. തിരഞ്ഞെടുക്കുന്നവര്‍ പരിശീലനത്തിന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, വരുമാനം സംബന്ധിച്ച് 200 രൂപ മുദ്രപത്രത്തില്‍ അഫിഡവിറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍ നമ്പര്‍. 0495 2376364.
കൗണ്‍സിലര്‍ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവ്
കാസര്‍ഗോഡ് ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ കീഴില്‍ കൗണ്‍സിലര്‍ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. സൈക്കോളജിയിലോ സോഷ്യല്‍ വര്‍ക്കിലോ ബിരുദാനന്തര ബിരുദവും കൗണ്‍സിലിംഗ് രംഗത്ത് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. ശമ്പളം പ്രതിമാസം 21,000 രൂപ. താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് പ്രൊഫഷണല്‍ ആന്റ് എക്‌സിക്യുട്ടീവ് എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 20-7-2019 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം.
തൊഴില്‍ പരിചയം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കണം. 1980 ലെ ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്ടിന് കീഴിലുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് -11 ഉം ഫാക്ടറീസ് ആക്ടിന് കീഴിലുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പക്ടര്‍ അല്ലെങ്കില്‍ ജോയിന്റ് ഡയരക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണം. നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ അവരുടെ മേലധികാരിയില്‍ നിന്നും ലഭിക്കുന്ന നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണെന്ന് ഡിവിഷണല്‍ എംപ്‌ളോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
- Log in to post comments