Skip to main content

അദാലത്തിലേക്ക് അപേക്ഷകള്‍ 11 നുളളില്‍ സമര്‍പ്പിക്കാം

അദാലത്തിലേക്ക് അപേക്ഷകള്‍ 11 നുളളില്‍ സമര്‍പ്പിക്കാം

2019 മെയ് 31 വരെ കോഴിക്കോട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ കെട്ടിട നിര്‍മ്മാണ അനുമതി, കെട്ടിട ക്രമവത്കരണാനുമതി, ഒക്കുപ്പന്‍സി/കെട്ടിട നമ്പറിംഗ് അപേക്ഷകള്‍ നല്‍കിയിട്ടും ഗ്രാമപഞ്ചായത്ത്  അനുമതി നൽകുകയോ അപേക്ഷ നിരസിക്കുകയോ അല്ലെങ്കില്‍ പോരായ്മകള്‍ പരിഹരിക്കുന്നതിന് അറിയിപ്പ് ലഭിക്കുകയോ ചെയ്യാത്ത അപേക്ഷകര്‍ക്ക് ജില്ലാതലത്തില്‍ നടത്തുന്ന അദാലത്തിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. അദാലത്തിലേക്കുളള അപേക്ഷകള്‍ ജൂലൈ 11 ന് സിവില്‍സ്റ്റേഷനിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ, അതത് ഗ്രാമപഞ്ചായത്ത് ഓഫീസിലോ നല്‍കാം.

പാളയം ബസ് സ്റ്റാന്‍ഡിലെ മതിലിന്റെ ഉയരം കുറക്കണം

പാളയം ബസ് സ്റ്റാന്‍ഡിലെ ഉയര്‍ന്ന മതിലിന്റെ ഉയരം കുറക്കണമെന്നും അപകട ഭീഷണി ഉയര്‍ന്നുന്ന മതില്‍ പൊളിച്ചു മാറ്റുന്നതിന് കോര്‍പ്പറേഷന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കോഴിക്കോട് താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു.

 കോഴിക്കോട് - പാവങ്ങാട് നിന്ന് വെസ്റ്റ്ഹില്‍ - ചുങ്കം വഴി മീഞ്ചന്ത വരെ ബസ് സര്‍വ്വീസ് ആരംഭിക്കണം. കടലക്ഷോഭം ഉണ്ടാവുമ്പോള്‍ തീരപ്രദേശത്ത് അടിഞ്ഞുകൂടുന്ന മാലിന്യം നീക്കം ചെയ്യുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ കാരണം മഴക്കാലമായിട്ടും ഓടകള്‍ വൃത്തിയാക്കുന്നില്ലായെന്നും, ഓടകള്‍ ശൂചീകരിക്കുന്നതിനുളള അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
  പന്തീരാങ്കാവ് പ്രദേശത്ത് മഞ്ഞപിത്തം പടര്‍ന്നു പിടിക്കുന്നുവെന്നും, ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇത് പ്രതിരോധിക്കുന്നതിനുളള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തഹസില്‍ദാര്‍ എന്‍ പ്രേമചന്ദ്രന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ എന്‍.വി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് അജയകുമാര്‍ സി.കെ, കെ.പി കൃഷ്ണന്‍കുട്ടി, എന്‍ സഖീഷ് ബാബു, കെ മോഹനന്‍, സി.എന്‍ ശിവദാസന്‍, ടി മുഹമ്മദാലി, ഇയ്യക്കുന്നത്ത് നാരായണന്‍ എന്നിവരും വിവിധ ഉദ്യോഗസ്ഥ പ്രതിനിധികളും സംസാരിച്ചു.

 

കിണര്‍ റിചാര്‍ജ്ജ് പദ്ധതി : പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു

അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും, മഴവെള്ളം സംഭരിച്ച് കിണറുകളില്‍ സമ്യദ്ധമായി വെള്ളം ലഭ്യമാക്കുന്നതിനും വേണ്ടി ജലനിധിയുടെ സഹായത്തോടെ നടപ്പിലാക്കുന്ന കിണര്‍ റിചാര്‍ജ്ജ് പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള  പ്രത്യേക ഗ്രാമസഭകള്‍ സംഘടിപ്പിച്ചു.

850 ഗുണഭോക്താക്കളെയാണ് 18 വാര്‍ഡുകളിലെ ഗ്രാമസഭയിലൂടെ തിരഞ്ഞെടുത്തത്, ജൂലായ് 9 ന് ചേരുന്ന ഭരണസമിതിയോഗത്തില്‍ അംഗീകരിച്ച് ആഗസ്റ്റ് മാസത്തില്‍ തന്നെ പദ്ധതി നടപ്പിലാക്കും.  കേരളത്തില്‍ ആറ് ജില്ലകളിലായി 10 പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന പദ്ധതിയിലാണ് അഴിയൂര്‍ പഞ്ചായത്തിനെ തിരഞ്ഞെടുത്തത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത ഏക പഞ്ചായത്താണ് അഴിയൂര്‍ ഗ്രാമപഞ്ചായത്ത്.

പ്രത്യേകഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. അയ്യുബിന്റെ അദ്ധ്യക്ഷതയില്‍ ജലനിധി 'മഴമറ' ജനറല്‍ മാനേജര്‍.പി.കെ.ജോണി ഉ ദ്ഘാടനം ചെയ്തു. എക്സ്സ്‌റ്റെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ ലില്ലിക്കുട്ടി.വി.എസ്. പദ്ധതി വിശദീകരിച്ചു. വൈസ്പ്രസിഡന്റ്. റീന രയരോത്ത്, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ ഉഷചാത്താംങ്കണ്ടി, മെബര്‍വി.പി.ജയന്‍, പഞ്ചായത്ത് സെക്രട്ടറി.ടി.ഷാഹുല്‍ഹമീദ്, എന്നിവര്‍ സംസാരിച്ചു. മേല്‍ക്കൂരയില്‍ നിന്ന് മഴവെള്ളം പ്രത്യേക പൈപ്പ് സംവിധാനത്തിലൂടെ കൊണ്ട് വന്ന്,  ശുദ്ധീകരണ സംവിധാനത്തിലുടെ കടത്തിവിട്ട് കിണറില്‍ വെള്ളം എത്തിക്കുന്ന രീതിയിലാണ് റീചാര്‍ജ്ജിംഗ് സംവിധാനം ഏര്‍പ്പെടുത്തുക. ഒരു വീടിന് 11000 രൂപയാണ് ചിലവ് കണക്കാക്കുന്നത്. ആദ്യത്തെ മഴവെള്ളം കിണറില്‍ അല്ലാതെ ഒഴുക്കികളയാനുള്ള സംവിധാനം ഉണ്ടാകും. കഴുകിയ മണല്‍, കഴുകിയ ചിരട്ടകരി എന്നിവ തുല്യ അനുപാതത്തില്‍ ക്രമീകരിച്ചാണ് മഴവെള്ളം ശുദ്ധീകരിക്കുക, ഇതിനായി ഫില്‍ട്ടര്‍ ടാങ്ക് കിണറിന്റെ 5 മീറ്റര്‍ദുരത്തിനുള്ളില്‍ നിര്‍മ്മിക്കും.

ആട് വളര്‍ത്തലില്‍ സൗജന്യ പരിശീലനം

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐ.റ്റി.ഐക്ക് സമീപമുള്ള മൃഗസംരക്ഷണ   പരിശീലനകേന്ദ്രത്തില്‍  ജൂലൈ   11   മുതല്‍  12  വരെ  ആട് വളര്‍ത്തലില്‍ രണ്ട് ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുളളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.     പേര്‍ രജിസ്റ്റര്‍  ചെയ്തവര്‍ ആധാര്‍നമ്പറുമായി  11- ന്   രാവിലെ 10 മണിക്കു മുന്‍പായി മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ എത്തിച്ചേരണം. ഫോണ്‍ -   0491 - 2815454.

ലോകജന്തുജന്യരോഗദിനാചരണം -
ജില്ലാതലകര്‍മ്മസമിതിയോഗം നടത്തി

ജൂലൈ 6 - ന് ലോകജന്തുജന്യരോഗദിനാചരണത്തിന്റെ ഭാഗമായി ജില്ലാതലകര്‍മ്മസമിതിയോഗം ചേരുകയും ആക്ഷന്‍പ്ലാന്‍ തയ്യാറാക്കുകയും ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു.

യോഗത്തില്‍ കൃഷി വകുപ്പ്, മൃഗസംരക്ഷണം, മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം, സാമൂഹിക നീതിവകുപ്പ്, ആരോഗ്യവകുപ്പിലെ പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.  

ജന്തുജന്യ രോഗങ്ങളെകുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്നതാണ് ദിനാചരണസന്ദേശം. ജില്ലയില്‍ ജപ്പാന്‍ജ്വരം, എലിപ്പനി, സ്‌ക്രബ്‌ടൈഫസ്, ബ്രുസലോസിസ്, പേവിഷബാധ, വെസ്റ്റ്‌നൈല്‍, നിപ തുടങ്ങിയ ജന്തു ജന്യരോഗങ്ങള്‍ കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  അതുമായി ബന്ധപ്പെട്ട് ഓരോ വകുപ്പും നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളും തുടര്‍ന്ന് നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു.  

        പ്രദേശങ്ങളില്‍ മൃഗങ്ങളില്‍ അവിചാരിതമായ മരണമോ അസുഖങ്ങളോ ഉണ്ടാകുകയാണെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ വിവരം അറിയിക്കേണ്ടതാണ്.
മൃഗപരിപാലനത്തില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണമെന്ന് യോഗം  നിർദ്ദേശിച്ചു.
        കന്നുകാലികളുടെ വിസര്‍ജ്ജ്യ വസ്തുക്കള്‍ ശാസ്ത്രീയമായ രീതിയില്‍ സംസ്‌ക്കരിക്കണം.
വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക ലൈസന്‍സ് എടുക്കേണ്ടതും ആരോഗ്യപരിപാലനം         ശ്രദ്ധിക്കേണ്ടതുമാണ്. പക്ഷിമൃഗാദികള്‍ കടിച്ചിട്ട പഴവര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കരുത്.  അത് വളര്‍ത്തുമൃഗങ്ങള്‍ക്കും നല്‍കരുത്.
ഫാമുകളില്‍ കൃത്യമായ പ്രതിരോധ കുത്തിവെപ്പും, ചികിത്സാ മാനദണ്ഡങ്ങളും         അവലംബിക്കണം. മാലിന്യസംസ്‌കരണം ശരിയായ വിധം നടത്തണം.        ഭക്ഷണാവശിഷ്ടങ്ങല്‍ അലക്ഷ്യമായി വലിച്ചെറിയരുത്.                എലിശല്യം ഇല്ലെന്ന് ഉറപ്പു വരുത്തണം.തൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പ്പെടുന്നവരും മലിന ജലവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും വ്യക്തി സുരക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ആഴ്ചയില്‍        ഒരു ദിവസം പ്രതിരോധമരുന്ന്-ഡോക്‌സിസൈക്ലിന്‍ ആരോഗ്യപ്രവര്‍ത്തകരില്‍ നിന്ന് വാങ്ങികഴിക്കുകയും ചെയ്യണം. പഞ്ചായത്ത്തലത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു.  ഫാമുകളും മറ്റും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍  വിലയിരുത്താനും ആവശ്യമെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

date