Skip to main content

ഡി.ടി.പി.സി: നാലമ്പല ദർശനം  ബുക്കിംഗ് ആരംഭിച്ചു

 ആലപ്പുഴ: തീർത്ഥാടന വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലാ ടുറിസം പ്രമോഷൻ കൗൺസിൽ ആരംഭിക്കുന്ന നാലമ്പല ദർശനം പദ്ധതിക്ക് തുടക്കമായി. ഇതോടനുബന്ധിച്ചുള്ള ബുക്കിംഗ് ഡി.ടി.പി.സി ഓഫീസിൽ  ആരംഭിച്ചു. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ആറു മണിക്ക് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപമുള്ള ഡി.ടി.പി.സി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന യാത്ര തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരതക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തി തിരികെയെത്തും. ക്ഷേത്ര പ്രസാദം, ഗൈഡ് സേവനം, പ്രത്യേക ദർശന സൗകര്യം എന്നിവയുൾപ്പടെ 700 രൂപയാണ് യാത്രാ നിരക്ക്. 15 പേരിൽ കൂടുതലുള്ള ഗ്രൂപ്പ് ബുക്കിംഗുകൾക്ക് 550 രൂപ നിരക്കിൽ യാത്ര ചെയ്യാം. 15 ൽ കൂടുതൽ അംഗങ്ങളുള്ള സംഘം ഒരുമിച്ച് ബുക്ക് ചെയ്താൽ മറ്റ് ദിവസങ്ങളിലും യാത്രയ്ക്ക് അവസരമുണ്ട്.  താത്പര്യമുള്ളവർ 0477 2251796, 2251766, 8089190829, 9400051796 എന്നീ നമ്പരുകളിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

35 പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന എയർകണ്ടീഷൻഡ് ബസ് സൗകര്യം ഇതിനായി ഏർപ്പെടുത്തിയിട്ടുണ്ടെന്നും തീർത്ഥാടകരുടെ വർദ്ധനവ് അനുസരിച്ച് ദൈനം ദിന സർവ്വീസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഡിടി.പി.സി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള, ഡി.ടി.പി.സി സെക്രട്ടറി എം. മാലിൻ എന്നിവർ അറിയിച്ചു.

 

date