Skip to main content

ശരണബാല്യം: ജില്ലയില്‍ നടപടി തുടങ്ങി

 

ബാലവേല, ബാലഭിക്ഷാടനം എന്നിവ തടയുന്നതിനായി സംസ്ഥാനത്ത് തുടക്കമിട്ട ശരണബാല്യം പദ്ധതി കോട്ടയം ജില്ലയില്‍ തുടങ്ങുന്നതിന് ജില്ലാ ഭരണകൂടം നടപടി തുടങ്ങി. മണ്ഡലകാലം കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ച ഓപ്പറേഷന്‍ ശരണബാല്യം പദ്ധതിയാണ് കോട്ടയം ജില്ലയിലും വ്യാപിപ്പിക്കുന്നത്. ബാലഭിക്ഷാടനം, ബാലവേല എന്നിവയിലേര്‍പ്പെടുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി ജില്ലയില്‍ ആറു ചൈല്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരെ തെരഞ്ഞെടുത്തു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കുകളും പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. മണ്ഡല-മകരവിളക്ക് കണക്കിലെടുത്ത് ജില്ലയില്‍ എരുമേലി - കാഞ്ഞിരപ്പളളി ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും നിലവില്‍ റെസ്‌ക്യൂ ഫോഴ്‌സിന്റെ പ്രവര്‍ത്തനം. എരുമേലി- അഴുത ഭാഗങ്ങളില്‍ തീര്‍ത്ഥാടനം മറയാക്കി കുട്ടികളെ ഭിക്ഷാടനത്തിന് അയക്കുന്ന സംഭവങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ എരുമേലി കേന്ദ്രീകരിച്ച് രക്ഷപെടുത്തുന്ന കുട്ടികളെ താല്ക്കാലികമായി പാര്‍പ്പിക്കുന്നതിനുളള ഷെല്‍ട്ടര്‍ ഹോം സജ്ജമാക്കുന്നതിനും നടപടി സ്വീകരിച്ചു വരികയാണ്. കണ്ടെത്തുന്ന കുട്ടികളെ ഡി എന്‍ എ പരിശോധനക്ക് വിധേയമാക്കുകയും കുട്ടികളെ കൊണ്ടു നടക്കുന്നവര്‍ രക്തബന്ധമുളളവരാണെങ്കില്‍ നാട്ടിലേക്കു മടക്കി അയക്കുകയും ചെയ്യും. ഡിഎന്‍എ പരിശോധന പരാജയപ്പെട്ടാല്‍ കുട്ടികള്‍ക്കൊപ്പമുളളവര്‍ക്കെതിരെ കേസെടുക്കും. ശബരിമല സീസണ്‍ കേന്ദ്രീകരിച്ച് ഭിക്ഷാടന മാഫിയയുടെ കീഴില്‍ അന്യസംസ്ഥാനക്കാരായ നിരവധി കുട്ടികളാണ് സംസ്ഥാനത്തെത്തുന്നത്. ഇവരെ ഭിക്ഷാടനത്തിനും മാല, വള വിപണനത്തിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. താല്ക്കാലിക ഷെഡുകളിലും വാടകവീടുകളിലും താമസിപ്പിക്കുന്ന പെണ്‍കുട്ടികള്‍ അടക്കമുളളവര്‍ ലൈംഗിക ചൂഷണത്തിന് വിധേയരാവുന്നതായി റിപ്പോര്‍ട്ടുണ്ട്. ശിശുക്ഷേമ സമിതിയുടെ ടോള്‍ ഫ്രീ നമ്പരായ 1517 ലേക്ക് വിളിച്ച് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയിക്കാം. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ 8281899464 എന്ന നമ്പരിലേക്ക് വാട്‌സ് ആപ്പ് വഴിയും വിവരങ്ങള്‍ അറിയിക്കാം. കളക്‌ട്രേറ്റില്‍ എഡിഎം കെ.രാജന്റെ അദ്ധ്യക്ഷതയില്‍ ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനോയ് വി ജെ  ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) പി. രഘുനാഥ്, ശ്രീകുമാര്‍ (ഡി സി ആര്‍ ബി എ എസ് ഐ) ശിശുക്ഷേമ സമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരന്‍, കെ.യു മേരിക്കുട്ടി (ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി) തുടങ്ങിയവര്‍ പങ്കെടുത്തു. 

                                                       (കെ.ഐ.ഒ.പി.ആര്‍-2198/17)

 

date