Skip to main content

ലൈഫ് മിഷന്‍ ക്ലസ്റ്റര്‍ വീടുകളുടെ നിര്‍മ്മാണത്തിന് ജില്ലയില്‍ 27.83 ഏക്കര്‍ ഭൂമി

 

ലൈഫ് മിഷന്റെ രണ്ടാംഘട്ട ഭവന പദ്ധതിയുടെ ഭാഗമായുള്ള ക്ലസ്റ്റര്‍ ഹൗസുകളുടെ നിര്‍മാണത്തിന്  ജില്ലയില്‍ 27.83 ഏക്കര്‍ ഭൂമി വിവിധ വകുപ്പുകളുടേതായി കണ്ടെത്തി. പെരിന്തല്‍മണ്ണ നഗരസഭ കണ്ടെത്തിയ ഏഴ് ഏക്കര്‍ ഭൂമിയില്‍ ആദ്യഘട്ട ഫ്‌ളാറ്റുകളുടെ നിര്‍മാണത്തിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി കഴിഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ സഹകരണസംഘത്തിനാണ് നിര്‍മാണചുമതല. നഗരസഭ ഭൂരഹിത-ഭവനരഹിതരായി കണ്ടെത്തിയിട്ടുള്ള ഏതാണ്ട് 545 പേരെ അധിവസിപ്പിക്കാന്‍ ഈ ഭവന സമുച്ചയം വഴി സാധിക്കും. ഇതിനു പുറമെ പഞ്ചായത്ത് വിവിധ വകുപ്പുകള്‍ എന്നിവയുടെ വകയായി പൊന്നാനിയില്‍ 144 സെന്റ്,എടപ്പാള്‍ 144 സെന്റ്.തവനൂര്‍ 50 സെന്റ്,പൊന്നാനി നഗര സഭ ഏഴ് ഏക്കര്‍, ചീക്കോട് രണ്ടിടങ്ങളിലായി 75.5 സെന്റ് 133 സെന്റ്, എന്നിങ്ങനെയും ഭൂമി കണ്ടെത്തയിട്ടുണ്ട്. ഇതിനു പുറമെ 50 സെന്റില്‍ തഴെയുള്ള ആറോളം സ്ഥലങ്ങളും മിഷനു വീടുനിര്‍മ്മാണത്തിനായി ലഭിച്ചിട്ടുണ്ട്.

തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്പി.പി ഫാത്തിമ 50 സെന്റ് സ്ഥലം പദ്ധതിക്കുവേണ്ടി സൗജന്യമായി വിട്ടു നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് സ്ഥലത്തിന്റെ ഏറ്റെടുക്കല്‍ നടപടികള്‍ ലൈഫ് മിഷന്‍ സ്വീകരിച്ചു വരുന്നു. നിരവധി സ്വകാര്യവ്യക്തികളും ഈ മഹല്‍ സംരഭത്തിന് സ്ഥലം സൗജന്യമായി നല്‍കാന്‍ തയ്യാറായി വരുന്നതായി പദ്ധതിയുടെ ജില്ലാ കോഡിനേറ്റര്‍ ശ്രീഹരി പറയുന്നു.

ജില്ലയില്‍ ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ ഒന്നാംഘട്ടമായി വര്‍ഷങ്ങളായി പണിപൂര്‍ത്തിയാകാതെ കിടക്കുന്ന ഭവനങ്ങള്‍ പൂര്‍ത്തികരിക്കുന്നതിനുള്ള ധ്രുത ഗതിയിലുള്ള പ്രവര്‍ത്തനം നടന്നുവരികയാണ്. ജില്ലയില്‍ 640 പട്ടികവര്‍ഗ്ഗക്കാരുടെയും 1415 പട്ടികജാതിക്കാരുടെയും ഉള്‍പ്പെടെ മൊത്തം 3150 വീടുകളാണ് ആദ്യഘട്ടത്തില്‍ ലൈഫ് മിഷന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാലു ലക്ഷം വരെയുള്ള തുക പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതിനും പട്ടികവര്‍ഗ്ഗക്കാരുടെ വീടുകള്‍ക്ക് തുകയുടെ പരിധി ബാധകമാക്കാതെയും പദ്ധതി നടപ്പാക്കാനുമാണ് സര്‍ക്കാര്‍ നിശ്ചയിരിക്കുന്നത്.

 ജില്ലയില്‍ അരീക്കോട്, വണ്ടൂര്‍, നിലമ്പുര്‍, കാളിക്കാവ് ബ്ലോക്ക് പരിധിയിലാണ് പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത വീടുകള്‍ അവശേഷിക്കുന്നത്. ദുര്‍ഘട ഏരിയകളില്‍ അധിവസിക്കുന്ന ഇവരുടെ വീടുകള്‍ പൂര്‍ത്തികരിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള ടെക്‌നിക്കല്‍ ഏജന്‍സികളെ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എന്‍ജിനീയറിംഗ് കോളേജുകള്‍, പോളിടെക്‌നിക്കുകള്‍ എന്നിവയിലെ ടീമുകള്‍ സൈറ്റുകള്‍ സന്ദര്‍ശിച്ച് എസ്‌ററിമേറ്റ് തയ്യാറാക്കി വരുന്നു. ഈ  പ്രവര്‍ത്തനം ഏതാണ്ട് 95% പൂര്‍ത്തിയായിട്ടുണ്ട്. 110 വീടുകളുടെ നിര്‍മ്മാണം ഇതിനോടകം ജില്ലയില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.മുഴുവന്‍ വീടുകളും മാര്‍ച്ച് 31 നകം പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

date