Skip to main content
DDC

ജലക്ഷാമം പരിഹരിക്കാന്‍ കനാലുകളിലൂടെ വെള്ളമൊഴുക്കും അടിയന്തര നടപടിയ്ക്ക് വികസന സമിതി യോഗത്തില്‍ നിര്‍ദേശം

കൊച്ചി: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പെരിയാര്‍വാലി, മൂവാറ്റുപുഴ ജലസേചന പദ്ധതികളുടെ കനാലുകളിലൂടെ ജനുവരി ആദ്യവാരത്തില്‍ തന്നെ ജലമൊഴുക്കാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള നിര്‍ദേശം നല്‍കി. കിണറുകള്‍ വറ്റുന്നതും ജലക്ഷാമം വര്‍ധിക്കുന്നതും ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എമാരായ ആന്റണി ജോണും എല്‍ദോ എബ്രഹാമും ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് അടിയന്തരമായി കനാലുകള്‍ തുറക്കാന്‍ കളക്ടര്‍ ആവശ്യപ്പെട്ടത്.

പെരിയാര്‍വാലി പദ്ധതിയുടെ കനാലുകള്‍ ജനുവരി അഞ്ചിനകവും മൂവാറ്റുപുഴ പദ്ധതിയുടെ കനാലുകള്‍ പത്തിനകവും തുറക്കാനാണ് ശ്രമം. ഇതിന് മുന്നോടിയായി കനാലുകള്‍ വൃത്തിയാക്കുന്ന ജോലി വേഗത്തിലാക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി. പുരോഗതി വിലയിരുത്താന്‍ ജനുവരി രണ്ടിന് കളക്ടറുടെ നേതൃത്വത്തില്‍ കനാലുകള്‍ സന്ദര്‍ശിക്കും.

കുടിവെള്ളക്ഷാമം രൂക്ഷമായ ഗ്രാമപഞ്ചായത്തുകളില്‍ ടാങ്കറുകളില്‍ വെള്ളമെത്തിക്കാനും പ്രത്യേക ടാങ്കുകള്‍ സ്ഥാപിച്ച് വെള്ളം നല്‍കാനും സൗകര്യമൊരുക്കണമെന്ന് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. വെള്ളം ലഭ്യമായ സമീപപ്രദേശങ്ങളില്‍ നിന്ന് ക്ഷാമം നേരിടുന്ന സ്ഥലങ്ങളിലേക്കെത്തിക്കാന്‍ പഞ്ചായത്തുകള്‍ക്ക് കഴിയും. ഇതിനുള്ള തുക തനത് ഫണ്ടില്‍ നിന്നും എടുക്കാന്‍ അനുമതി നല്‍കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ തീരുമാനമുണ്ടാകേണ്ടതുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. ടാങ്കറുകള്‍ വഴിയുള്ള ജലവിതരണത്തില്‍ ക്രമക്കേടുണ്ടാകാതിരിക്കാന്‍ കഴിഞ്ഞ വര്‍ഷം ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇക്കൊല്ലവും ഇതിന് നടപടി സ്വീകരിക്കും.

ഡാറ്റബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമിയിലെ കെട്ടിട നിര്‍മാണ അപേക്ഷകളില്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും സെക്രട്ടറിമാര്‍ ഇതിന് തയാറാകുന്നില്ലെന്ന് എല്‍ദോ എബ്രഹാം ചൂണ്ടിക്കാട്ടി. ഇതുമൂലം വീടു നിര്‍മാണത്തിനുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. ജില്ലയിലെ പ്രധാന ജലസ്രോതസും നിരവധി കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മൂവാറ്റുപുഴയാറിലെ മലിനീകരണം തടയാന്‍ സമഗ്രപദ്ധതി തയാറാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കോതമംഗലത്ത് കുട്ടമ്പുഴ പഞ്ചായത്തില്‍ കൈവശരേഖ നല്‍കാത്തത് മൂലം സര്‍ക്കാരിന്റെ ഭവനപദ്ധതികളില്‍ 800ലേറെ അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിക്കാനാകുന്നില്ലെന്ന് ആന്റണി ജോണ്‍ എം.എല്‍.എ പറഞ്ഞു. മൂവാറ്റുപുഴ ആര്‍.ഡി.ഒയുടെ പരിഗണനയിലുള്ള വീടു നിര്‍മാണ അപേക്ഷകളില്‍ തീരുമാനം വൈകുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ വികസന മിഷനുകളായ ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ യജ്ഞം, ഹരിതകേരളം എന്നിവയുടെ ജില്ലാതല അവലോകനവും വികസന സമിതി യോഗത്തില്‍ നടന്നു. ജില്ലാ പ്ലാനിങ് ഓഫീസര്‍ സാലി ജോസഫ്, ഡപ്യൂട്ടി കളക്ടര്‍മാരായ എം.പി. ജോസ്, ഷീലാദേവി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

date