Skip to main content

കേരളീയ തനത് കലകളുടെ പരിപാടി-- ഉത്സവം-- ജനുവരി 6 മുതല്‍

 

കൊച്ചി:  സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍  സംഘടിപ്പിക്കുന്ന ഉത്‌സവം  എന്ന കേരളീയ തനത്   കലകളുടെ  പരിപാടി ജനുവരി 6 മുതല്‍  12 വരെ എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടിലും,  ഫോര്‍ട്ട്‌കൊച്ചി  വാസ്‌കോഡഗാമ സ്‌ക്വയറിലും അരങ്ങേറും. എല്ലാ ദിവസവും വൈകിട്ട് 6 മണിക്കാണ് അവതരണം.  ഏകദേശം  450 ഓളം  കലാകാരന്‍മാരാണ് ജില്ലയിലെ  ഈ  രണ്ടു വേദികളിലായി  പരിപാടികള്‍ അവതരിപ്പിക്കുന്നത്. 

പാരമ്പര്യ തനിമയാര്‍ന്ന കലാരൂപങ്ങള്‍ക്കും കലാകാരന്‍മാര്‍ക്കും  വേദികള്‍ നല്‍കി ഉത്തരവാദിത്ത വിനോദ സഞ്ചാര ലക്ഷ്യങ്ങള്‍ കൈവരിക്കുകയാണ് ഇതിലൂടെ  ഉദ്ദേശിക്കുന്നത്. 

വിനോദ സഞ്ചാര മേഖലയുടെ ഭാഗമായ ടൂര്‍  ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുകള്‍, ഹോംസ്‌റ്റേ/സര്‍വ്വീസ്് വില്ല സംരംഭകര്‍ തുടങ്ങി ടൂറിസം രംഗത്തെ സജീവ പങ്കാളിത്തത്തോടെയാണ് ഉത്‌സവം സംഘടിപ്പിക്കുന്നത്. 

 

ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ജനുവരി 6-ന് സുരേന്ദ്രന്‍ പണിക്കര്‍ അവതരിപ്പിക്കുന്ന നിണബലി, രാജീവ് വെങ്കിടങ്ങ് അവതരിപ്പിക്കുന്ന ദാരിക വധം, മയൂരനൃത്തം എന്നിവ അരങ്ങേറും. ജനുവരി 7-ന് അര്‍ജുനന്‍ അവതരിപ്പിക്കുന്ന കൊട്ടുമര ആട്ടം, 8-ന് അരുവിയുടെ പളിയനൃത്തം, പ്രമോദ് പള്ളിയില്‍ അവതരിപ്പിക്കുന്ന പാണപ്പൊറാട്ട്, 9-ന് കോട്ടവട്ടം തങ്കപ്പന്റെ പൂപ്പടതുള്ളല്‍, നാസറിന്റെ ദഫ്മുട്ട്, വട്ടപ്പാട്ട്, 10-ന് ദ്രാവിഡകലാസമിതിയുടെ എരുത്കളി, മംഗലം കളി, മുളംചെണ്ട, രാജീവന്റെ ചിമ്മാനക്കളി, 11-ന് ഗിരീഷ് ടിപിയുടെ നിണബലി, രമേഷിന്റെ മുടിയേറ്റ്, 12-ന് ബിജുവിന്റെ നാടന്‍പാട്ട് എന്നിവ അരങ്ങേറും. 

 

ഫോര്‍ട്ട്‌കൊച്ചി വാസ്‌കോഡഗാമ സ്‌ക്വയറില്‍ ജനുവരി 6-ന് സുധീര്‍ മുള്ളുര്‍ക്കരയുടെ തിരിയുഴിച്ചില്‍, പുള്ളുവന്‍പാട്ട്, ഭൈരവി പടയണി സംഘത്തിന്റെ പടയണി, 7-ന് ഷൈലജ വിജയന്റെ കാക്കാരശ്ശി നാടകം, കണ്ണന്‍ അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത്, നാടന്‍പാട്ട്, 8-ന് ബാബുക്കുട്ടന്‍ അവതരിപ്പിക്കുന്ന കളമെഴുത്തും പാട്ടും, ദാമോദരപ്പണിക്കരുടെ പുരക്കളി, 9-ന് ഷാജിമോന്‍ അവതരിപ്പിക്കുന്ന സീതക്കളി, 10-ന് പ്രമോദ് അവതരിപ്പിക്കുന്ന തെയ്യം,  സരിത് ബാബുവിന്റെ കോതാരി മൂരിയാട്ടം, 11-ന് കെ കുമാരന്‍ അവതരിപ്പിക്കുന്ന മാരിതെയ്യം, രാജീവന്റെ ചിമ്മാനക്കളി, 12-ന് വേറ്റിനാട് (ശീകുമാറിന്റെ വില്‍പ്പാട്ട്, കരുണന്‍ ഗുരുക്കളുടെ കോല്‍ക്കളി, തച്ചോളിക്കളി എന്നിവ അരങ്ങേറും.  പരിപാടികളിലേക്ക് പ്രവേശനം സൗജന്യമാണ്. വിദേശ സഞ്ചാരികള്‍ക്കായി പ്രത്യേക  ഇരിപ്പിടം ഓരോ വേദിയിലും തയ്യാറാക്കിയിട്ടുണ്ട്. 

ഇതു സംബന്ധിച്ച   യോഗം എറണാകുളം ഗവ.ഗസ്റ്റ് ഹൗസില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി. നന്ദകുമാര്‍, ഡിറ്റിപിസി സെക്രട്ടറി എസ്. വിജയകുമാര്‍  എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്നു. യോഗത്തില്‍  ടൂറിസം മേഖലയെ പ്രതിനിധീകരിച്ച്  ബോണി തോമസ് (കേരള ട്രാവല്‍ മാര്‍ട്ട്), ശരത് അരവിന്ദ്, കൗണ്‍സിലര്‍  കൃഷ്ണകുമാര്‍, ഡിറ്റിപിസി എക്‌സി.കമ്മിറ്റിയംഗങ്ങളായ  പി.ആര്‍. റിനീഷ്,  പ്രകാശ്, ടൂറിസം ഇന്‍ഫര്‍മേഷന്‍  ഓഫീസര്‍ ഷൈന്‍ എന്നിവര്‍  പങ്കെടുത്തു.  

date