Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നടത്തി

 

മെറ്റിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പുകള്‍ മുടങ്ങാതെ ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ചുളള വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് നിരവധി തവണ റിമൈന്‍ഡറുകള്‍ അയച്ചിട്ടും നടപടിയായില്ലെന്ന് അഡ്വ. ബിന്ദു എം തോമസ് പറഞ്ഞു. 2014-15 മുതല്‍ കമ്മീഷന്‍ ഈ വിഷയത്തില്‍ റിമൈന്‍ഡറുകള്‍ അയച്ചിരുന്നു. എന്നാല്‍ ഫണ്ടുകള്‍ അനുവദിക്കപ്പെട്ടില്ല. ഇക്കാര്യം കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തും. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗില്‍ പരാതികള്‍ പരിഗണിച്ച് സംസാരിക്കുകയായിരുന്നു അവര്‍. 27 പരാതികളാണ് ആകെ പരിഗണിച്ചത്. അഞ്ച് പുതിയ പരാതികളും ലഭിച്ചു. വിദ്യാഭ്യാസ വായ്പ, പെന്‍ഷന്‍, ഗ്രാന്റ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഏറെ പരാതികളും. പഞ്ചായത്ത് രാജ് ചട്ടം ലംഘിച്ച് മൃതശരീരം മറവു ചെയ്യുന്നതായി കോരുത്തോട് കുഴിമാവില്‍ സമീപവാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ ഉത്തരവ് മൂലം പ്രവര്‍ത്തനം നിര്‍ത്തി വച്ച സെമിത്തേരിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന നടത്തിപ്പുകാരുടെ പരാതിയില്‍ കമ്മീഷന്‍ ജില്ലാ കളക്ടറോട്  റിപ്പോര്‍ട്ട് തേടി. വിഷയത്തില്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്നും നിലവിലുളള ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സെമിത്തേരിയുടെ ചുമതലക്കാര്‍ കമ്മീഷനെ സമീപിച്ചത്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുളള കേന്ദ്ര ആനുകൂല്യത്തിന്റെ രണ്ടാം ഗഡുവായ 25 ലക്ഷം രൂപ ലഭിക്കുന്നതിന് വികാരി ജനറല്‍ ഫാ.മൈക്കല്‍ വെട്ടിക്കാട്ട് നല്‍കിയ പരാതിയില്‍ കേന്ദ്രഫണ്ട് അനുവദിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കമ്മീഷന്റെ അടുത്ത സിറ്റിംഗ് ഫെബ്രുവരി 15ന് നടക്കും. 

                                                       (കെ.ഐ.ഒ.പി.ആര്‍-18/18)

date