Skip to main content
ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്  ഉദ്ഘാടനം ചെയ്യുന്നു.

ജില്ലാ പദ്ധതി വികസന സെമിനാര്‍ : സംയോജിതവും സമഗ്രവുമായ പദ്ധതി നിര്‍വഹണം നാടിന് ആവശ്യം -  മന്ത്രി മാത്യു ടി തോമസ്

    പ്രാദേശിക തലത്തിലുള്ള പ്രശ്നങ്ങളും സാധ്യതകളും തിരിച്ചറിഞ്ഞുള്ള സംയോജിതവും സമഗ്രവുമായ പദ്ധതി നിര്‍വഹണമാണ് നാടിന് ആവശ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലാ പ്ലാനിംഗ് ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍  ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു മന്ത്രി. 
    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ പദ്ധതി നിര്‍വഹണം കാര്യക്ഷമമാക്കിയതു വഴി ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ സംസ്ഥാനമാണ് കേരളം. നമ്മുടെ ജനകീയാസൂത്രണം അടക്കമുള്ള സംവിധാനങ്ങള്‍ രാജ്യത്തിനു തന്നെ മാതൃകയാക്കാന്‍ കഴിഞ്ഞു. മുന്നോട്ടുള്ള പ്രയാണത്തിനിടയില്‍ ഇതില്‍ വന്നിട്ടുള്ള ചില പോരായ്മകള്‍  നാം തിരിച്ചറിയാന്‍ ശ്രമിക്കേണ്ടതായിട്ടുണ്ട്. വികേന്ദ്രീകൃത ആസൂത്രണം എന്ന ആശയം ഏറ്റവും ഫലപ്രദമായി നടപ്പാക്കുമ്പോള്‍, ഇതിന്‍റെ മറവില്‍  സങ്കുചിതമായ പ്രാദേശികത്വം കടന്നു വരാന്‍ പാടില്ല. ആസൂത്രണവും അതിന്‍റെ നിര്‍വഹണവും വികേന്ദ്രീകൃതമായിരിക്കണം എന്നു പറഞ്ഞാല്‍ അതിന്‍റെ അര്‍ഥം അതെല്ലാം പ്രാദേശിക തലത്തില്‍ പരിമിതപ്പെടുത്തണം എന്നതല്ല.
    വികസനത്തെ സംബന്ധിച്ച നമ്മുടെ ചില ധാരണകള്‍ മാറേണ്ടതായിട്ടുണ്ട്. ആത്യന്തികമായി ജനങ്ങളുടെ അപ്പോഴത്തെ കൈയടി മാത്രം ലക്ഷ്യമാക്കി ആസൂത്രണം നടത്താന്‍ പാടില്ല. നാട്ടില്‍ നിലനില്‍ക്കുന്ന, ഇന്ന് നാട് അഭിമുഖീകരിക്കുന്ന, നാളത്തെ തലമുറയ്ക്ക് ആവശ്യമായി വരുന്ന കാര്യങ്ങള്‍  മുന്‍കൂട്ടി കണ്ട് അതിനാവശ്യമായ രൂപത്തില്‍  പദ്ധതികള്‍ നടപ്പാക്കണം. ലഭ്യമായ വിവിധ വികസന ഫണ്ടുകള്‍ സമഗ്ര വികസനത്തിനായി സംയോജിപ്പിച്ച് ഉപയോഗിക്കുന്ന കാഴ്ചപ്പാട് രൂപപ്പെടുത്തണം. വിഭവങ്ങള്‍ പരമാവധി നാടിന്‍റെ വികസനത്തിനായി ഉപയോഗപ്പെടുത്തണം. 
    പതിമൂന്നാം പഞ്ചവത്സര പദ്ധതി നടപ്പാക്കുമ്പോള്‍  വളരെ കൃത്യതയോടു കൂടി ജില്ലാ പദ്ധതി രൂപീകരിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെയും ആസൂത്രണ ബോര്‍ഡിന്‍റെയും നിര്‍ദേശം ആദ്യം നടപ്പാക്കാന്‍ ശ്രമം നടത്തിയത് പത്തനംതിട്ട ജില്ലയാണ്. ജില്ലാ പദ്ധതി  രൂപീകരണത്തിനു മുന്‍പ് വിവിധ മേഖലകളില്‍  പ്രവര്‍ത്തിക്കുന്ന വിദഗ്ധരെയും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഒരുമിച്ചിരുത്തി നമ്മുടെ  ജില്ലയിലെ സാധ്യതകള്‍, പ്രശ്നങ്ങള്‍, വികസന രംഗത്തെ വിടവുകള്‍ എന്നിവ തിരിച്ചറിഞ്ഞാണ് ജില്ലാ പദ്ധതി  തയാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 
    ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തതയില്‍ എത്തിച്ചേരാന്‍ ജില്ലയ്ക്ക് കഴിയണമെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. പച്ചക്കറി ഉള്‍പ്പെടെയുള്ള കൃഷിക്ക് പദ്ധതി രൂപീകരണത്തില്‍ വലിയ പരിഗണന നല്‍കണം. കൃഷിയുടെ കാര്യത്തില്‍ ജില്ലയ്ക്ക് സാധ്യതകള്‍ ഏറെയുണ്ട്. ഇത് ഫലപ്രദമായി വിനിയോഗിക്കുന്നതിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 
    ജില്ലയ്ക്ക് സമഗ്രമായ വികസനം സാധ്യമാക്കുന്നതിനാണ് ജില്ലാ പദ്ധതി തയാറാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി പറഞ്ഞു. ഇതിന്‍റെ ഭാഗമായാണ് കരട് പദ്ധതി രേഖ തയാറാക്കിയിട്ടുള്ളത്. ജില്ലയുടെ അടിസ്ഥാനപരമായ ആവശ്യങ്ങളെ അറിഞ്ഞ് ഏറെ ചര്‍ച്ചകളിലൂടെയും ആശയവിനിമയത്തിലൂടെയുമാണ് ഉപസമിതികള്‍  കരട് പദ്ധതികള്‍ തയാറാക്കിയിട്ടുള്ളത്. വിവിധ ഫണ്ടുകള്‍ സംയോജിപ്പിച്ച് പദ്ധതികള്‍  തയാറാക്കി നടപ്പാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. 
    കരട് പദ്ധതിയിലെ ശക്തി-ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് ജില്ലയ്ക്ക് ആവശ്യമായ പദ്ധതി രൂപീകരിക്കണമെന്ന് ജില്ലാ കളക്ടര്‍  ആര്‍. ഗിരിജ പറഞ്ഞു.  ജില്ലയുടെ സമഗ്രമായ വികസനത്തിന് ഏതു തരത്തിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്താല്‍ ഫലപ്രദമാകുമെന്ന് വിലയിരുത്തണം.19 വിഷയ സമിതികളാണ് ജില്ലാ പദ്ധതി തയാറാക്കുന്നതിന് രൂപീകരിച്ചിട്ടുള്ളത്. പല തവണ ചര്‍ച്ച ചെയ്താണ് കരട് പദ്ധതി തയാറാക്കിയത്. പല തലത്തിലുള്ള ചര്‍ച്ചകളിലൂടെ പദ്ധതികള്‍ മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ഈമാസം 29,30,31 തീയതികളില്‍ സംസ്ഥാന തലത്തില്‍ 14 ജില്ലകളും പദ്ധതികള്‍ അവതരിപ്പിക്കും. ജില്ലാ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പത്തനംതിട്ട ജില്ലയിലാണ് ആദ്യമായി വികസന സെമിനാര്‍ നടന്നതെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി അഡ്വ.എന്‍. രാജീവ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സോമസുന്ദരലാല്‍, ഡെപ്യുട്ടി പ്ലാനിംഗ് ഓഫീസര്‍  മുരളീധരന്‍ നായര്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശഭരണസ്ഥാപന അധ്യക്ഷډാര്‍, ഉപസമിതികളുമായി ബന്ധപ്പെട്ട വിദഗ്ധര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 
                                                (പിഎന്‍പി 28/18)

date