Skip to main content

ലൈഫ് പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും: ചെറിയാൻ ഫിലിപ്പ്

ലൈഫ് മിഷന്റെ ഭാഗമായുള്ള വീടുകളുടെ പൂർത്തീകരണത്തിന് പണത്തിന്റെ പ്രശ്നമില്ലെന്നും അവ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കുമെന്നും നവകേരള മിഷൻ സംസ്ഥാന കോ ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ലൈഫ് മിഷൻ ജില്ലാതല കർമ്മസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീടും സ്ഥലവുമില്ലാത്തവർക്ക് വീട് വെച്ച് നൽകുന്ന ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിലേക്ക് ഭൂമി കണ്ടെത്തുകയാണ് പ്രധാനമെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഒരു മാസത്തിനകം ആവശ്യമായ ഭൂമി കണ്ടെത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. ജില്ലയിലെ റവന്യു വകുപ്പിന്റേതല്ലാതെ മറ്റ് വകുപ്പുകളുടെ കൈവശമുള്ള ഭൂമി ലൈഫ് പദ്ധതിക്ക് ലഭ്യമാക്കുന്നതിന് ജില്ലാ കളക്ടർ മുൻകൈയെടുക്കണം. നഗരസഭാ പ്രദേശങ്ങളിൽ ഭൂമി കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ നഗരപ്രാന്തങ്ങളിൽ ഭൂമി ലഭ്യമാക്കാൻ ശ്രമിക്കണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിയടങ്ങുന്ന ഉപസമിതി സെപ്റ്റംബർ 30നകം കർമ്മപദ്ധതി തയാറാക്കി ജില്ലാ മിഷൻ കോ ഓർഡിനേറ്റർക്ക് നൽകണം. ഭൂമിയുള്ള സ്ഥലത്തെ ഗുണഭോക്താക്കൾക്ക് ലൈഫ് പദ്ധതിയിൽ മുൻഗണന ലഭിക്കും. സൗജന്യമായി ഭൂമി നൽകാൻ ഇടയുള്ള ഭൂവുടമകളെ കണ്ടെത്താൻ ശ്രമിക്കാവുന്നതാണ്. 35000 ഗുണഭോക്താക്കൾക്കായി 1100 ഏക്കർ ഭൂമിയാണ് ജില്ലയിൽ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷനിലെ വീട് നിർമ്മാണത്തിന് പ്രീഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താവുന്നതാണ്. പ്രീഫാബ് സാങ്കേതിക വിദ്യയിൽ കുറഞ്ഞ സമയത്തിനകം വീടുകൾ പൂർത്തീകരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷൻ ഒന്നാംഘട്ടമായ പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ പൂർത്തീകരണം. പദ്ധതിയിൽ ജില്ലയിൽ ആകെ കരാർ വെച്ച 2881 ഗുണഭോക്താക്കളിൽ 2758 വീടുകൾ പൂർത്തീകരിച്ചതായി യോഗത്തിൽ ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു. 95.7 ശതമാനമാണ് പുരോഗതി. ഒമ്പത് സർക്കാർ വകുപ്പുകളുടെ കീഴിൽ നടപ്പിലാക്കിയിരുന്ന ഭവന പദ്ധതികളിൽ പൂർത്തിയാകാത്ത വീടുകൾ പൂർത്തീകരിക്കുന്നതിനായി യൂണിറ്റ് കോസ്റ്റ് ഉയർത്തി ഏകീകരിച്ച് നാല് ലക്ഷം രൂപ അനുവദിച്ചു.
ഭൂമിയുള്ള ഭവനരഹിതർക്ക് വീട് വെച്ച് നൽകുന്ന രണ്ടാംഘട്ടത്തിൽ ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിലായി കരാർ വെച്ച 4683 ഗുണഭോക്താക്കളിൽ 2882 വീടുകൾ പൂർത്തീകരിച്ചു. 61.5 ശതമാനമാണ് പുരോഗതി. ബാക്കിയുള്ളതിൽ 1121 വീടുകൾ പൂർത്തീകരണ ഘട്ടത്തിലാണ്. ഒരു ഗുണഭോക്താവിന് നാല് ലക്ഷം രൂപയാണ് ധനസഹായം. അവണൂർ, ചാഴൂർ, അളഗപ്പനഗർ, തോളൂർ, നെൻമണിക്കര ഗ്രാമപഞ്ചായത്തുകൾ മുഴുവൻ ഗുണഭോക്താക്കൾക്കും വീടുവെച്ചുനൽകി 100 ശതമാനം നേട്ടം കൈവരിച്ചു.
പി.എം.എ.വൈ-ലൈഫ് നഗരം പദ്ധതിയിൽ 6630 പേർ കരാർ വെച്ചതിൽ 1717 പേരുടെ വീടുകൾ പൂർത്തീകരിച്ചു. 25.8 ശതമാനം. പി.എം.എ.വൈ-ലൈഫ് ഗ്രാമം പദ്ധതിയിൽ 1518 പേർ കരാർ വെച്ചതിൽ 1317 വീടുകൾ പൂർത്തീകരിച്ചു. 86.7 ശതമാനം. ജില്ലയിൽ ആകെ 15712 പേർ കരാർ വെച്ചതിൽ 8674 വീടുകൾ പൂർത്തീകരിച്ചു. ആകെ ശതമാനമാണ് 55.25 പുരോഗതി.
ഭൂരഹിത, ഭവനരഹിതർക്ക് പാർപ്പിടം നൽകുന്ന മൂന്നാംഘട്ടത്തിൽ നഗര, ഗ്രാമ പ്രദേശങ്ങളിലെ 35413 പേരെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ നടക്കുന്നു. ഫ്ളാറ്റ് സമുച്ചങ്ങൾ, ക്ലസ്റ്റർ ഭവനങ്ങൾ എന്നിവ നിർമ്മിച്ചാണ് പുനരധിവാസം. ഇതിനായി 18 ഇടങ്ങളിലായി 48 ഏക്കറോളം ഭൂമി നിലവിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഫ്ളാറ്റ് സമുച്ചയ നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ പൂർത്തിയായി. ഗുണേഭോക്താക്കളുടെ രേഖകളുടെ പരിശോധന സെപ്റ്റംബർ 30നകം പൂർത്തിയാക്കാനാണ് സർക്കാർ നിർദേശം. ലൈഫ് മിഷൻ പ്രവർത്തനങ്ങൾ താഴേത്തട്ടിൽ അവലോകനം ചെയ്യാൻ എം.എൽ.എമാരുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെ യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചു.
യോഗത്തിൽ ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, എം.എൽ.എമാരായ ബി.ഡി. ദേവസ്സി, ഇ.ടി. ടൈസൺ മാസ്റ്റർ, ചാലക്കുടി നഗരസഭ ചെയർപേഴ്സൻ ജയന്തി പ്രവീൺകുമാർ, വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ശിവപ്രിയ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ വി.എ. മനോജ്കുമാർ (ഇരിങ്ങാലക്കുട), ഡോ. സുഭാഷിണി മഹാദേവൻ (തളിക്കുളം), കലപ്രിയ സുരഷ് (കൊടകര), വി. കേശവൻകുട്ടി (മാള), ജില്ലാ കളക്ടർ എസ്. ഷാനവാസ്, ലൈഫ് മിഷൻ സംസ്ഥാന പ്രോഗ്രാം മാനേജർ എസ്. അജിത, ജില്ലാ കോ ഓർഡിനേറ്റർ വി. ലിൻസ് ഡേവിഡ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയ് ജോൺ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ സെറീന റഹ്മാൻ, മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date