Skip to main content

വയോശ്രീയോജനയുടെ  ഉപകരണ വിതരണ ക്യാമ്പ്  ജനുവരി 9ന് 

 

കാക്കനാട്:  കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ വയോശ്രീയോജന പദ്ധതിപ്രകാരം 60വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ഉപകരണ വിതരണ ക്യാമ്പ്   ജനുവരി 9ന്  ചൊവ്വാഴ്ച രാവിലെ 11.30 ന് തൃക്കാക്കാര മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ക്യാമ്പില്‍ കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ വകുപ്പ് മന്ത്രി കൃഷന്‍പാല്‍ ഗുര്‍ജര്‍ മുഖ്യാതിഥിയാകും. പ്രൊഫ. കെ. വി  തോമസ് എംപി അധ്യക്ഷനാകുന്ന ചടങ്ങില്‍ തൃക്കാക്കാര  മണ്ഡലം എംഎല്‍എ പി. ടി തോമസ്, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, തൃക്കാക്കര നഗരസഭ അധ്യക്ഷ കെ. കെ നീനു, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സി. എസ് പീതാംബരന്‍, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോള്‍, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  മേരി ബേബി, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ. രാധാകൃഷ്ണന്‍, രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു എന്നിവര്‍ പങ്കെടുക്കും.

60 വയസ്സിനു മുകളില്‍ പ്രായമുള്ള ബിപിഎല്‍ വിഭാഗത്തില്‍ പെട്ട മുതിര്‍ന്ന പൗരന്‍മാരെയാണ് പദ്ധതിയ്ക്കായി പരിഗണിച്ചത്. തൃക്കാക്കാര, അങ്കമാലി എന്നീ മുനിസിപ്പാലിറ്റികളിലും പള്ളുരുത്തി, മൂവാറ്റുപുഴ തുടങ്ങിയ ബ്ലോക്ക് പഞ്ചായത്തുകളിലും പള്ളിപ്പുറം, രായമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളിലുമായി സംഘടിപ്പിച്ച വിവിധ മെഡിക്കല്‍ ക്യാമ്പുകളില്‍ നിന്നാണ്  അര്‍ഹരായ 720ഓളം പേരെ തിരഞ്ഞെടുത്തത്. വിവിധ ക്യാമ്പുകളിലായി പങ്കെടുത്ത 1500ഓളം വ്യക്തികളില്‍ നിന്നും പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു തിരഞ്ഞെടുപ്പ്. ജനുവരി 9ന്  ക്യാമ്പ് വേദിയില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘം, വോളണ്ടിയര്‍, മറ്റു സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗുണഭോക്താക്കളുടെ വിവരങ്ങള്‍ അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തിക്കും. കൂടാതെ ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ കത്തു മുഖേനയും അറിയിപ്പ് ലഭിക്കും. അറിയിപ്പ് ലഭിച്ച വ്യക്തികള്‍ കത്ത് കൊണ്ട് വരേണ്ടതാണെന്ന് ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ പ്രീതി വില്‍സണ്‍ അറിയിച്ചു. കത്ത് ലഭിക്കാത്ത തിരഞ്ഞെടുക്കപ്പെട്ടവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടു വരണം. അലിംകോ (Artificial Limbs Manufacturing Corporation of India) യാണ് ഉപകരണ വിതരണ ഏജന്‍സി.

date