Skip to main content

കടലോര മേഖലയുടെ ഉണര്‍വ്വിനായി ബീച്ച് ഗെയിംസുമായി സംസ്ഥാന സര്‍ക്കാര്‍

കടലോര മേഖലയിലെ കായിക വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങള്‍ നവംബറില്‍ നടത്താന്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഘാടക സമിതി യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ടൂറിസം, ഫിഷറീസ്, കായികം തുടങ്ങി വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്.
മലപ്പുറത്തിന്റെ പ്രിയ കായിക ഇനമായ ഫുട്ബോളിനോടൊപ്പം വോളിബോള്‍, കബഡി, വടംവലി മത്സരങ്ങളും ബീച്ച് ഗെയിംസിലുണ്ടാകും. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനോടൊപ്പം അംഗീകൃത ക്ലബുകള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. നവംബര്‍ 16, 17 തീയ്യതികളിലായാണ് പ്രാഥമിക മത്സരങ്ങള്‍ നടക്കുക. നവംബര്‍ 23, 24 തീയ്യതികളിലായി ജില്ലാ തല മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. പൊന്നാനി എം.ഇ.എസ് കോളജ് ഗ്രൗണ്ട്, പടിഞ്ഞാറെക്കര ബീച്ച് എന്നിവിടങ്ങളിലാണ് ജില്ലാതല മത്സരങ്ങള്‍ നടക്കുക. സംസ്ഥാന തല മത്സരങ്ങള്‍ ഡിസംബറിലും നടക്കും.
18 വയസിന് മുകളിലുള്ള പുരുഷന്‍മാര്‍ക്കും 16 ന് മുകളിലുള്ള സത്രീകള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. മത്സ്യത്തൊഴിലാളികള്‍ക്കും പൊതുവിഭാഗത്തില്‍ പ്പെട്ടവര്‍ക്കും  പ്രത്യേകമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മത്സ്യത്തൊഴിലാളി കളായ സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേകം മത്സരമില്ലെങ്കിലും പൊതുവായി നടത്തുന്ന മത്സങ്ങളില്‍ ഇവര്‍ക്കും പങ്കെടുക്കാം. ഓരോ ഇനത്തിലും വിജയികളാവുന്ന ഒന്നാം സ്ഥാനക്കാര്‍ക്ക് 15000 രൂപയും, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 10000, 5000 എന്നിങ്ങനെയുമാണ് സമ്മാനത്തുക.
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, ജില്ലയുടെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ എന്നിവരാണ് മുഖ്യ രക്ഷാധികാരികള്‍. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളാണ്. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ചെയര്‍മാനും, ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീം വര്‍ക്കിങ് ചെയര്‍മാനുമാണ്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഓര്‍ഗനൈസേഷനല്‍ സെക്രട്ടറിയും സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ട്രഷററുമായിരിക്കും.
സംഘാടക സമിതി യോഗത്തില്‍ ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീം,  കേരള സ്പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം എം.ആര്‍ രഞ്ജിത്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ ആഷിഖ് കൈനിക്കര, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് വി.പി അനില്‍, സെക്രട്ടറി എ.രാജു നാരായണന്‍, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ ക്ലബ്, സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date