Skip to main content

പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി ജയില്‍ വകുപ്പിന്റെ തീറ്റപ്പുല്ലും പുല്‍ക്കടയും

പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവശത അനുഭവിക്കുന്ന ക്ഷീര കര്‍ഷകര്‍ക്കു ജയില്‍ വകുപ്പിന്റെ തീറ്റപ്പുല്ലും പുല്‍ക്കടയും വിതരണം ചെയ്തു. തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നാണു നിലമ്പൂര്‍ പോത്തുകല്ലിലെത്തി  ഇവ വിതരണം ചെയ്തത്. ആനകല്ല് ക്ഷീര സംഘത്തിനു കീഴില്‍ പോത്തുകല്‍ ഉപ്പട ശ്രീധര്‍മ്മ ശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്  ഉദ്ഘാടനം നിര്‍വ്വഹിച്ചു. പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കരുണാകരപിള്ള അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ എസ്.ശ്രീകുമാര്‍ മുഖ്യാതിഥിയായിരുന്നു.
ക്ഷീര വികസന വകുപ്പിന്റെ സഹായത്തോടെ മൂന്ന് ടണ്‍ തീറ്റപ്പുല്ലും മൂന്ന് ടണ്‍ പുല്‍ക്കടയുമാണ് ദുരന്ത ബാധിത മേഖലയില്‍ സൗജന്യമയായി വിതരണം ചെയ്തത്. 474 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിലവില്‍ 367 അന്തേവാസികളാണുള്ളത്. റബ്ബര്‍, പച്ചക്കറി, വാഴ, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, തെങ്ങ്, കമുക്, തുടങ്ങി എല്ലാ കാര്‍ഷിക വിളകളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഡയറി, എരുമ, മുട്ടക്കോഴി, ആട്, ഇറച്ചിക്കോഴി എന്നിവയുടെ ഫാമുകള്‍ തേനീച്ച വളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി, റബ്ബര്‍ നഴ്സറി, പച്ചക്കറി തൈ ഉല്‍പ്പാദനവും ഇവിടെ നടക്കുന്നു. അഞ്ച് ഏക്കറില്‍ പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. ജയില്‍ വളപ്പിനുള്ളിലെ ജലം സംഭരിക്കാനുള്ള ചെക്ക് ഡാമില്‍ മത്സ്യക്കൃഷിയും നടത്തുന്നുണ്ട്.
മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ഒ.ടി.ജയിംസ്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ വില്യംസ്, പോത്തുകല്‍ ഗ്രാമ പഞ്ചായത്ത് അംഗം ത്രേസ്യാമ്മ ജോര്‍ജ്ജ്, ജയില്‍ സൂപ്രണ്ട് എം.കെ. വിനോദ് കുമാര്‍, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിനില ഉണ്ണികൃഷ്ണന്‍, ക്ഷീര വികസന ഓഫീസര്‍ അബ്ദുല്‍ മജീദ്, ജയിലിലെ കൃഷി ഓഫീസര്‍ ഡബ്ലിയു.ആര്‍.അജിത് സിംഗ്, ക്ഷീര വികസന വകുപ്പ് കണ്‍ട്രോളിംഗ് ഓഫീസര്‍ എ.കെ.ബിന്ദു, ഡോ.മനോജ്, ക്ഷീര സംഘം പ്രതിനിധികളായ അച്ചന്‍കുഞ്ഞ്, മനോജ്, എന്നിവര്‍ സംസാരിച്ചു. 
 

date