Skip to main content

ഗാന്ധിജയന്തി ദിനത്തിൽ  ഫയൽ അദാലത്ത് നടത്തി കൃഷി വകുപ്പ്

ഗാന്ധിജയന്തി ദിനത്തിൽ  കെട്ടിക്കിടക്കുന്ന ഫയൽ അദാലത്ത് നടത്തി മാതൃക കാട്ടി കൃഷിവകുപ്പ്. സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലെ ലയം ഹാളിൽ ഫയൽ അദാലത്ത് യജ്ഞത്തിന് കൃഷിമന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ തുടക്കം കുറിച്ചു. ഒക്ടോബർ 31 നകം വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ പൂർണമായും തീർപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. 2020 മാർച്ച് 31നകം വകുപ്പിൽ പൂർണമായും ഇ-ഗവേണൻസ് നടപ്പാക്കും. സമയബന്ധിതമായി ഫയലുകൾ തീർപ്പാക്കുന്നത് എല്ലാ  ഉദ്യോഗസ്ഥരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. അവധി ഉപേക്ഷിച്ച് ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.
  സെക്രട്ടേറിയറ്റ് തലത്തിലും കൃഷിവകുപ്പ് ഡയറക്ടറേറ്റിലുമായാണ് ഫയൽ അദാലത്ത്് സംഘടിപ്പിച്ചത്. .ഫിസിക്കൽ ഫയലുകളും ഇ-ഫയലുകളും കൃഷിമന്ത്രിയുടെ സാന്നിധ്യത്തിൽ പരിഗണിച്ചു. ഫയലുകളുടെ കാലപ്പഴക്കം, സ്വഭാവം എന്നിവയ്ക്ക് മുൻഗണന നൽകിയാണ് തീർപ്പാക്കൽ നടത്തുന്നത്. പെൻഷൻ കേസുകൾ, പൊതുജനങ്ങളിൽനിന്നും ലഭിക്കുന്ന പരാതികൾ എന്നിവയ്ക്കും പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. മലയാളത്തിൽ കൈകാര്യം ചെയ്യുന്ന ഫയലുകളുടെ കണക്ക് തീർപ്പാക്കൽ പ്രത്യേകം വിലയിരുത്തും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആഗസ്റ്റ് മുതൽ ഫയൽ തീർപ്പാക്കലിന് തീവ്രയജ്ഞപരിപാടികൾ തീർപ്പാക്കിവരികയാണ്. കാർഷികോത്പാദന കമ്മിഷണർ ദേവേന്ദ്രകുമാർ സിംഗ്, കൃഷിവകുപ്പ് ഡയറക്ടർ രത്തൻ യു. ഖേൽക്കർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്‌സ്.3543/19

date