Skip to main content

പോഷണ്‍ എക്‌സ്പ്രസിന് സ്വീകരണം നല്‍കി

വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ പോഷകമാസാചരണത്തിന്റെ  ഉദ്ദേശലക്ഷ്യങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ സംസ്ഥാനത്ത് ഉടനീളം പര്യടനം നടത്തുന്ന പോഷണ്‍ എക്‌സ്പ്രസിന് സിവില്‍ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 16 വരെ പോഷകമാസാചരണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ പോഷണ്‍ എക്‌സ്പ്രസ് കാരവന്‍ പര്യടനം നടത്തുന്നത്. കുഞ്ഞുങ്ങളുടെ ആദ്യ ആയിരം ദിനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, വിളര്‍ച്ച മുക്ത ഭാരതം, വയറിളക്ക നിയന്ത്രണം, കൈകഴുകലിന്റെ പ്രാധാന്യം, പോഷണം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള അറിവുകളാണ് പോഷണ്‍ എക്‌സ്പ്രസിലുള്ളത്.

 ഒക്ടോബര്‍ ആറിന് ജില്ലയിലെത്തിയ പോഷണ്‍ എക്‌സ്പ്രസ് കാരവന്‍ മാനന്തവാടി, പനമരം, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ പര്യടനം നടത്തിയാണ് കല്‍പറ്റയിലെത്തിയത്. പര്യടനത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ മുതല്‍ കല്‍പറ്റ മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍ വരെ അംഗണവാടി ടീച്ചര്‍മാരെ ഉള്‍പ്പെടുത്തി റാലിയും സംഘടിപ്പിച്ചു. റാലി എ.ഡി.എം തങ്കച്ചന്‍ ആന്റണി ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാനന്തവാടിയില്‍ നല്‍കിയ സ്വീകരണത്തില്‍ അംഗണവാടി ജീവനക്കാര്‍ക്ക് കുട്ടികളുടെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ലഭ്യമാക്കുന്ന മൊബൈല്‍ ഫോണുകളുടെ വിതരണം നടത്തി. സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

 

date