Skip to main content

കുട്ടികള്‍ മഹാത്മാവിനെ നേരില്‍ കണ്ടു, അമ്പരന്നു..  സ്വാതന്ത്രകാലത്തെ അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞു

 

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുമായി അത്ഭുതകരമായ രൂപസാദൃശ്യമുള്ള ചാച്ചാ ശിവരാജന്‍ മുന്നിലെത്തിയപ്പോള്‍ കുട്ടികള്‍ ആദ്യം ഒന്ന് അമ്പരന്നു. പുസ്തകത്താളുകളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും മാത്രം കണ്ടും കേട്ടും പരിചിതമായ രാഷ്ട്രപിതാവ് തന്നെയാണോ ഇതെന്ന് അവര്‍ ചിന്തിച്ചു. അതെ. അത്രയധികം രൂപ സാദൃശ്യ മുണ്ട് ചാച്ചാ ശിവരാജന് മഹാത്മാ ഗാന്ധിയുമായി! ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ എക്‌സൈസ് വകുപ്പിന്റെയും ശബരി ആശ്രമത്തിന്റേയും സഹകരണത്തോടെ കണ്ണാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച 'മഹാത്മാവിനെ നേരില്‍ കാണാം' പരിപാടിയിലാണ് ഗിന്നസ് റെക്കോര്‍ഡ് ജേതാവ് കൂടിയായ  ഗാന്ധിയന്‍  ഡോ.ശിവരാജന്‍ എന്‍. കെ കുട്ടികളുമായി സംവദിക്കാന്‍ എത്തിയത്. കൊല്ലം ജില്ലയിലെ വെളിയം സ്വദേശിയായ ചാച്ചാ ശിവരാജന്‍ എട്ട് വയസ്സ് മുതലാണ് ഗാന്ധിയന്‍ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി ഗാന്ധിയന്‍ ശൈലി സ്വീകരിച്ചത്. ഇപ്പോള്‍ 91 തികഞ്ഞു. ഇതിനോടകം ആയിരത്തോളം പൊതുവേദികളിലും 900 വിദ്യാലയങ്ങളിലും ഗാന്ധി വേഷത്തില്‍ എത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഗാന്ധിയുടെ വേഷത്തില്‍ യാത്ര ചെയ്ത് ജനങ്ങളുമായി നേരിട്ട് ഇടപഴകുകയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യുഗപുരുഷന്‍, ദേ ഇങ്ങോട്ടുനോക്കിയേ തുടങ്ങിയ ചലച്ചിത്രങ്ങളില്‍ ഗാന്ധിജിയുടെ വേഷവും ഡോ.ശിവരാജന്‍ അണിഞ്ഞിട്ടുണ്ട്.  

മഹാത്മാവിന്റെ വേഷമണിഞ്ഞെത്തിയ അദ്ദേഹം പരിപാടിയില്‍ പങ്കെടുത്ത കണ്ണാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്ക് ലഹരി വിരുദ്ധ സന്ദേശം നല്‍കി. തനിക്ക് അമ്മയാണ് ഗാന്ധിയന്‍ സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കിയതെന്നും ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കാനും അതിനുവേണ്ടി പ്രവര്‍ത്തിക്കാനും ആണ് താന്‍ ഗാന്ധിമാര്‍ഗ്ഗം തിരഞ്ഞെടുത്തത് എന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ ലഹരിയിലേക്ക് എത്തിക്കാതെ നോക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പഠിച്ചാല്‍ നന്മയും  തിന്മയും വേര്‍ തിരിച്ചറിയാന്‍ കഴിയും.കുട്ടികളെ തെറ്റില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ അവരിലേക്ക് പകര്‍ന്നു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഭാരതത്തെ ഒരു കുടക്കീഴില്‍ നിര്‍ത്തി ബ്രീട്ടീഷ് സാമ്രാജ്യത്തിന് മുന്നില്‍ പതറാതെ നിന്നതെങ്ങനെ?
 
ഭാരതത്തെ മുഴുവന്‍ ഒരു കുടക്കീഴില്‍ നിര്‍ത്തി സാമ്രാജ്യത്തിന് മുന്നില്‍ പതറാതെ നില്‍ക്കാന്‍ മഹാത്മാ ഗാന്ധിക്ക് കഴിഞ്ഞത് എങ്ങനെയാണെന്ന കുട്ടികളുടെ ചോദ്യത്തിന്  സത്യം, ധര്‍മം, സ്‌നേഹം എന്നിവയാണ് വിജയത്തിന്റെ അടിസ്ഥാനം എന്ന് അദ്ദേഹം ഗാന്ധി ദര്‍ശനം ഉള്‍ക്കൊണ്ടുകൊണ്ട് മറുപടി നല്‍കി. സ്വാതന്ത്ര സമര പോരാട്ടത്തിന് ഗാന്ധിജി നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം മറ്റുള്ളവര്‍ക്ക് എങ്ങനെ മാതൃകയാകുന്നു എന്നും ഉള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം എല്ലാവരെയും ഒരു പോലെ സ്‌നേഹിക്കുകയും  തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നവരെ സത്യത്തിന്റേയും ധര്‍മത്തിന്റേയും പാതയിലേക്ക്  കൊണ്ടുവരാന്‍ പരിശ്രമിക്കുകയും ചെയ്തു എന്ന് ചാച്ചാ ശിവരാജന്‍ മറുപടി നല്‍കി. ഇതുവരെ ഒരു ലഹരിക്കും അടിമപ്പെടാത്ത ജീവിതമാണ് തന്റെതെന്നും കുട്ടികള്‍ ഗാന്ധിയന്‍ ആശയങ്ങള്‍ പഠിച്ച് അവ പ്രവര്‍ത്തിയില്‍ കൊണ്ടുവരണമെന്ന് ആഹ്വാനം ചെയ്താണ് അദ്ദേഹം വിടവാങ്ങിയത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ ഉണ്ണികൃഷ്ണന്‍, എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ജയപാലന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.എന്‍ സുരേഷ് ബാബു, ഗാന്ധി ദര്‍ശന്‍ സമിതി ജില്ലാ സെക്രട്ടറി വി.ബൈജു, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലഹരി വിരുദ്ധ സന്ദേശവുമായി എക്‌സൈസ് വകുപ്പിന്റെ തെരുവു നാടകം അരങ്ങേറി

ഗാന്ധി ജയന്തി വാരാഘോഷ ത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് ജീവനക്കാര്‍  അവതരിപ്പിച്ച എനിക്ക് പറയാനുള്ളത്  തെരുവ് നാടകത്തില്‍ ലഹരിക്ക് അടിമപ്പെട്ട വരുടെ ജീവിതത്തിന്റെ പതനം അമ്മ മനസ്സിലൂടെ പ്രതിഫലിപ്പിച്ച്് കാണിക്കുകയാണ്. കണ്ട് നിന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്ന വിധമായിരുന്നു അവതരണം.നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ചാലകശക്തി ആകേണ്ട യുവതലമുറ ലഹരിക്കടിമപ്പെടുന്നതിലെ അപകടത്തെയും മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന തീരാ നഷ്ടവും നാടകത്തിലൂടെ തുറന്നുകാട്ടി. എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് 40 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകത്തിന് രൂപം നല്‍കിയിട്ടുള്ളത്. എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരായ വി ജെ ശ്രീജി സംവിധാനവും എം എന്‍ സുരേഷ് ബാബു രചനയും കെ ജഗജിത് സംഗീത സംവിധാനവും നിര്‍വഹിച്ച നാടകം  ഇതുവരെ 105 വേദികളില്‍ അരങ്ങേറിയിട്ടുണ്ട്. മഹാത്മാവായെത്തിയ ചാച്ചാ ശിവരാജന്‍ നാടകം അവതരിപ്പിച്ച എക്‌സൈസ് വകുപ്പ് ജീവനക്കാരെ അഭിനന്ദിച്ചു. ഒരാളുടെ ലഹരി ഉപയോഗത്തിന് നിരപരാധികള്‍ ഉള്‍പ്പെടെ ഇരകളാകുന്നുണ്ടെന്ന് എന്ന് അദ്ദേഹം പറഞ്ഞു.

date