Skip to main content

ലൈഫ് മിഷന്‍ മൂന്നാംഘട്ടം; ഗുണഭോക്താക്കള്‍ രേഖകള്‍ സമര്‍പ്പിക്കണം

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവന പദ്ധതി ലൈഫ് മിഷന്‍ മൂന്നാംഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ അര്‍ഹത തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണം. അര്‍ഹത പരിശോധന ഒക്ടോബര്‍ 31ന് അകം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം. ഒക്ടോബര്‍ 15ന് പട്ടിക അന്തിമാക്കുന്നതിനാണ് സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പരിശോധന പൂര്‍ത്തികരിച്ച് പട്ടിക അന്തിമമാക്കാന്‍ സാധിക്കാതെവന്ന സാഹചര്യത്തിലാണ് സമയപരിധി ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
 
നിലവില്‍ മൂന്നാംഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടവരും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്തവരുമായ ഗുണഭോക്താക്കള്‍ എത്രയും വേഗം നടപടി പൂര്‍ത്തിയാക്കണമെന്ന് ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിബി വര്‍ഗീസ് അറിയിച്ചു. ഗുണഭോക്താവിനും കുടുംബത്തിനും സ്വന്തമായി സ്ഥലമില്ലെന്നു തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും വരുമാന സര്‍ട്ടിഫിക്കറ്റും അതാത് തദ്ദേശ സ്ഥാപനങ്ങളിലാണ് സമര്‍പ്പിക്കേണ്ടത്.  ജില്ലയില്‍ 7,165 ഗുണഭോക്താക്കളെയാണ് മൂന്നാംഘട്ടത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇവരുടെ അര്‍ഹത പരിശോധന പൂര്‍ത്തിയാക്കി ഒക്ടോബര്‍ 31ന് അകം അന്തിമ പട്ടിക തയ്യാറാക്കും.
 

date