Skip to main content

ഹരിത നിയമാവലിയില്‍ വിവാഹിതരായവര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം

 

വിവാഹ സല്‍ക്കാരത്തില്‍ പ്ലാസ്റ്റിക്ക് ഒഴിവാക്കി ഹരിത നിയമാവലി പാലിച്ച ദമ്പതികള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം. ശുചിത്വ മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി നല്‍കുന്ന പ്രശസ്തി പത്രം കലക്ട്രേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ ജാഫര്‍ മലിക് ദമ്പതികള്‍ക്ക് കൈമാറി. പൊന്നാനി തഹസില്‍ദാര്‍ അന്‍വര്‍ സാദത്തിന്റെയും ഭാര്യ നസീമയുടെയും മക്കളുടെ വിവാഹമാണ് ഹരിത നിയമാവലി പാലിച്ച് മാതൃകയായത്. തഹസില്‍ദാറുടെ മകനായ മുഹമ്മദ് ഷബീര്‍ വധു സുഹറ സാനിയ മകള്‍ ഫാത്തിമ ഹിബ വരന്‍ മുഹമ്മദ് റഹീസ് എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്.

ഉദ്യോഗസ്ഥ തലത്തില്‍ ഇത്തരം വിവാഹങ്ങള്‍ ഒരു മാതൃകയാണെന്നും എല്ലാവരും ഹരിത നിയമാവലി പാലിച്ച് ആഘോഷങ്ങള്‍ നടത്തണമെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു. ആഘോഷങ്ങള്‍ കഴിഞ്ഞ് മാലിന്യങ്ങള്‍ ജല സ്രോതസുകളിലും വഴിയരികിലും ഉപേക്ഷിക്കുന്ന പ്രവണതക്ക് ഇതുവഴി മാറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാഹ ക്ഷണം മുതല്‍ ഭക്ഷണം വിളമ്പുന്ന പാത്രങ്ങള്‍ വരെ ഹരിതമയമാക്കിയാണ് പൊന്നാനി തഹസില്‍ദാര്‍ അന്‍വര്‍ സാദത്ത് തന്റെ മക്കളുടെ വിവാഹം മാതൃകാപരമാക്കിയത്. വിവാഹം ക്ഷണിക്കുന്നതിനായി പോയ രണ്ടായിരത്തോളം വീടുകളില്‍ പ്ലാവ്, മാവ്, നെല്ലി, ലക്ഷ്മിതരു തുടങ്ങിയവയുടെ തൈകളാണ് ഇവര്‍ വിതരണം ചെയ്തത്. തുടര്‍ന്ന് വിവാഹ ദിനം ഭക്ഷണം വിളമ്പുന്നതിനായി പാളകള്‍ കൊണ്ട് നിര്‍മിച്ച പ്ലെയ്റ്റുകളും കരിന്നിന്‍ ചണ്ടി ഉപയോഗിച്ച് നിര്‍മിച്ച് ഗ്ലാസുകളുമാണ് ഉപയോഗിച്ചത്. പ്ലെയ്റ്റുകള്‍ ബംഗലൂരുവില്‍ നിന്നും ഗ്ലാസുകള്‍ ഗുജറാത്തില്‍ നിന്നുമാണ് വരുത്തിയത്. കരിമ്പിന്‍ ചണ്ടി ഉപയോഗിച്ച് നിര്‍മിച്ച് ഗ്ലാസൊന്നിന് നാല് രൂപയോളം വില വരുമെങ്കിലും ഓരോരുത്തര്‍ക്കും കുപ്പി വെള്ളം നല്‍കാനുള്ള തുകയെ വരുന്നുള്ളുവെന്നാണ് ഇദ്ദേഹത്തിന്റെ അനുഭവസാക്ഷ്യം. കഴിഞ്ഞ ജൂലൈ 14 നായിരുന്നു ഇവരുടെ വിവാഹം.  
 

date