Skip to main content

ആദിവാസി കോളനികളിലേക്ക് തൂക്കുപാലമൊരുക്കാന്‍ റവന്യു ജീവനക്കാര്‍ കൈക്കോര്‍ക്കും

 

പ്രളയത്തെത്തുടര്‍ന്ന് നിലമ്പൂരിലെ മുണ്ടേരി ഫാമില്‍ നിന്ന് ഇരുട്ടുകുത്തിയില്‍ ചാലിയാര്‍ പുഴയ്ക്ക് കുറുകേയുള്ള പാലം തകര്‍ന്ന് ഒറ്റപ്പെട്ട ആദിവാസി കോളനികളിലേക്ക് ജില്ലയിലെ റവന്യു വകുപ്പ് ജീവനക്കാരുടെ സഹായത്തോടെ തൂക്കു പാലമൊരുക്കുന്നു. ഇരുട്ടുകുത്തി, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി, വാണിയംപുഴ കോളനിക്കാര്‍ക്കാണ് റവന്യു വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ പാലമൊരുങ്ങുന്നത്.
കഴിഞ്ഞ ആഗസ്റ്റ് എട്ടാം തീയതിയാണ് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കോളനിയിലേക്കുള്ള ഏക ആശ്രയമായ പാലം തകര്‍ന്നത്. ഇതോടെ കരയിലേക്കുള്ള കോളനിവാസികളുടെ സഞ്ചാരവും മുട്ടി. നൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ചങ്ങാടത്തിലായിരുന്നു മഴ കുറഞ്ഞശേഷം കോളനിയിലുള്ളവര്‍ അത്യാവശ്യത്തിനായി നാട്ടിലെത്തിയരുന്നത്.  ജില്ലാ കലക്ടറും സംഘവും ചങ്ങാടം വഴി ഈ കോളനിയിലെ സ്ഥിതിഗതികള്‍ അറിയാന്‍ ഇവിടെ എത്തി കോളനിയിലെ ഊരുകൂട്ടങ്ങളില്‍ പങ്കെടുത്തിരുന്നു. 
പുതിയ പാലം നിര്‍മാണത്തിന് ഏറെ സമയമെടുക്കുമെന്നതും മൂന്ന് കോടിയോളം ചിലവ് വരുമെന്നതുമാണ് തൂക്കു പാലമെന്ന ആശയവുമായി റവന്യു വകുപ്പ് ജീവനക്കാര്‍ മുന്നോട്ട് വന്നത്. എന്നാല്‍ തൂക്കുപാലം നിര്‍മാണത്തിന് നിലവില്‍ സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്നതുവരെ കാത്തുനില്‍ക്കാതെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ജീവനക്കാര്‍ തന്നെ നേരിട്ട് ഫണ്ട് സ്വരൂപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ഇത്തരം ഒരു നിര്‍ദ്ദേശം മുന്നോട്ട് വച്ചപ്പോള്‍ റവന്യൂ ജീവനക്കാര്‍ അത് ഒരെ സ്വരത്തില്‍ അംഗീകരിക്കുകയായിരുന്നു.  ഇതുമായി ബന്ധപ്പെട്ടു കലക്ടറേറ്റില്‍ ചേര്‍ന്ന ജീവനക്കാരുടെ യോഗത്തില്‍ പദ്ധതിക്കു വേണ്ട ആദ്യ സംഭാവന ജില്ലാ കളക്ടര്‍ തന്നെ കൈമാറി. തുടര്‍ന്നു ജീവനക്കാരും സംഭാവനയുമായി മുന്നോട്ടു വന്നു. ആദ്യ ദിനം തന്നെ ഒരു ലക്ഷം രൂപയോളം ലഭിച്ചു.
 മെറ്റല്‍ റോപ്പുകളുമുപയോഗിച്ചു നിര്‍മ്മിക്കുന്ന തൂക്കുപാലത്തിനു ഏകദേശം മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി വിദഗ്ദരില്‍ നിന്ന് സാങ്കേതിക സഹായവും തേടും.   
നിലവില്‍ ഇവിടേക്ക് ആള്‍ക്കാരെത്തുന്നതും അടിയന്തര സഹായവും ഭക്ഷണ സാധനങ്ങളുമെത്തിക്കുന്നതും ചങ്ങാടത്തിലാണ്. അസമയങ്ങളിലും, പുഴയിലെ ജലനിരപ്പുയരുമ്പോഴും അടിയന്തര വൈദ്യസഹായം എത്തിക്കാനോ രോഗികളെ ആശുപത്രിയില്‍ എത്തിക്കാനോ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കോളനിയിലെ ഊരുകൂട്ടങ്ങളില്‍ പുഴയ്ക്ക് കുറുകേ അടിയന്തരമായി നടപ്പാലമോ തൂക്കുപാലമോ വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് റവന്യൂ ജീവനക്കാരുടെ ഇടപ്പെടല്‍ കോളനി വാസികള്‍ക്ക് ആശ്വാസമാവുന്നത്. 
 

date