മീസല്‍സ്-റൂബെല്ല പ്രതിരോധ കുത്തിവെപ്പ് ജില്ലയില്‍ 4.30 ലക്ഷം കുട്ടികള്‍ കുത്തിവെപ്പെടുത്തു
മീസല്‍സ്-റൂബെല്ല പ്രതിരോധ കുത്തിവെപ്പിന്റെ ഭാഗമായി ജില്ലയില്‍ 4.30 ലക്ഷം കുട്ടികള്‍ കുത്തിവെപ്പെടുത്തു. ജില്ലയിലെ 63.93 ശതമാനം കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കിയതായി ഡി.എം.ഒ. കെ.പി. റീത്ത പറഞ്ഞു. ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പില്‍ പിന്നില്‍ നില്‍ക്കുന്ന ചളവറ (29.53 ശതമാനം), കൊപ്പം (40.36), ചാലിശ്ശേരി (52.30) പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍, പ്രധാന അധ്യാപകര്‍, പി.റ്റി.എ. ഭാരവാഹികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ജില്ലാ കലക്റ്ററേറ്റ് സമ്മേളനഹാളില്‍ ജില്ലാ കലക്റ്റര്‍ ഡോ: പി.സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ നടത്തിയ കൂടിയാലോചനാ യോഗത്തിലാണ് ഡി.എം.ഒ. ഇക്കാര്യം അറിയിച്ചത്. സംസ്ഥാനതലത്തില്‍ ജില്ല 11-ാം സ്ഥാനത്താണ്.
ഈ പ്രദേശങ്ങളില്‍ കുത്തിവെപ്പിനെതിരെ സാമൂഹിക മാധ്യമങ്ങള്‍ വഴി വലിയ രീതിയില്‍ വ്യാജ പ്രചാരണങ്ങള്‍ നടന്നിട്ടുണ്ടെന്നും പല രക്ഷിതാക്കളും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും ജനപ്രതിനിധികളും അധ്യാപകരും യോഗത്തില്‍ അറിയിച്ചു. ഇത്തരം പ്രചാരണം നടത്തുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിച്ചു വരികയാണെന്നും കുത്തിവെപ്പ് നല്‍കുന്നത് സ്വന്തം കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടിയാണെന്ന് രക്ഷിതാക്കള്‍ മനസ്സിലാക്കണമെന്നും ജില്ലാ കലക്റ്റര്‍ ഡോ: പി.സുരേഷ് ബാബു പറഞ്ഞു.
കുത്തിവെപ്പിനെതിരെ വ്യാജ പ്രചാരണം നടത്തുന്നവരെല്ലാം ജനനസമയത്ത് പള്‍സ് പോളിയോ ഉള്‍പ്പടെയുള്ള കുത്തിവെപ്പുകള്‍ സ്വീകരിച്ചവരാണെന്നും സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി ഒരു തലമുറയെ ത്തന്നെ രോഗത്തിലേക്ക് തള്ളിവിടരുതെന്നും യോഗത്തില്‍ പങ്കെടുത്ത ഡബ്ള്‍യു.എച്ച്.ഒ. പ്രതിനിധി ഡോ: സന്തോഷ് പറഞ്ഞു. പള്‍സ് പോളിയോ കുത്തിവെപ്പ് രാജ്യത്ത് നടപ്പാക്കിയപ്പോഴും സമാനമായ വ്യാജ പ്രചാരണങ്ങള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ കുത്തിവെപ്പിന്റെ ഫലമായി പോളിയോ രോഗത്തെ പൂര്‍ണ്ണമായും തുടച്ചുനീക്കാനായെന്നും അദ്ദേഹം പറഞ്ഞു.
മീസല്‍സ് (അഞ്ചാംപനി)-റൂബെല്ല രോഗങ്ങള്‍ക്കെതിരെ ഒമ്പത് മാസത്തിനും 15 വയസിനും ഇടയിലുള്ള കുട്ടികള്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്. ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച കുത്തിവെപ്പിന്റെ ആദ്യഘട്ടം നവംബര്‍ 18ന് അവസാനിക്കും. അടുത്ത ഘട്ടം അങ്കണവാടികള്‍ കേന്ദ്രീകരിച്ച് നടത്തും. സംസ്ഥാനത്ത് പ്രതിരോധ കുത്തിവെപ്പില്‍ പത്തനംതിട്ട ജില്ലയാണ് മുന്നില്‍. സംസ്ഥാനത്തെ 68 ശതമാനം കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കി. ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ: ജയന്തി, യൂനിസെഫ് പ്രതിനിധി ഡോ:എന്‍.എസ്.അയ്യര്‍, ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്റ്റര്‍ ടി.കൃഷ്ണന്‍ പങ്കെടുത്തു.
- Log in to post comments