Skip to main content

ജില്ലാ പദ്ധതിക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം

    വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തയാറാക്കുന്ന പദ്ധതികള്‍ സംയോജിപ്പിച്ച് ജില്ലയ്ക്ക് വേണ്ടി  കരട് വികസന പദ്ധതി തയാറാക്കുക എന്ന സര്‍ക്കാര്‍ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ വിവിധ തദ്ദേശഭരണ സ്ഥാപനതലങ്ങളില്‍ തയാറാക്കി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം അവതരിപ്പിച്ച ജില്ലാ പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആസൂത്രണ സമിതിയുടെ യോഗം അംഗീകാരം നല്‍കി. 
ജില്ലാ പദ്ധതികളുടെ രൂപീകരണത്തിനുള്ള ഉപസമിതികളുടെ രൂപീകരണം, ജില്ലാതല കൂടിയാലോചനായോഗം, കരട് പദ്ധതി തയാറാക്കല്‍, അഭിപ്രായ രൂപീകരണം, ജില്ലാവികസന സെമിനാര്‍ എന്നീ ഘട്ടങ്ങളിലൂടെ കടന്നുപോയതിന് ശേഷമുള്ള ജില്ലാ പദ്ധതിക്കാണ് ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. ആസൂത്രണ സമിതി അംഗീകരിച്ച ജില്ലാ പദ്ധതി അംഗീകാരത്തിനായി സര്‍ക്കാരിന് നല്‍കേണ്ടതുണ്ട്. ജില്ലയുടെ സമഗ്രവികസനത്തിന് ഉതകുന്ന രീതിയില്‍ തയാറാക്കിയിട്ടുള്ള ജില്ലാ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ വരുംവര്‍ഷങ്ങളില്‍ ഏകോപിപ്പിക്കുന്നതിന് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. 
സംസ്ഥാനത്ത് ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വളരെ നേരെത്തേതന്നെ ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനാല്‍ വിശദമായ ചര്‍ച്ചകള്‍ക്കും അഭിപ്രായരൂപീകരണങ്ങള്‍ക്കും ശേഷം സമയബന്ധിതമായിത്തന്നെ ജില്ലാ പദ്ധതി തയാറാക്കി അംഗീകരിക്കുന്നതിന് കഴിഞ്ഞതായി ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. ഈ മാസം 23നകം ജില്ലാ പദ്ധതി അംഗീകാരത്തിനായി സര്‍ക്കാരിന് നല്‍കേണ്ടതുണ്ടെന്നും കളക്ടര്‍ അറിയിച്ചു. 
പ്രത്യേകമായ വകയിരുത്തലുകളോ സ്കീമുകളോ പ്രോജക്ടുകളോ ഇല്ലാത്ത പദ്ധതിയാണ് ജില്ലാ പദ്ധതി. വിവിധ തലങ്ങളിലുള്ള ഗവണ്‍മെന്‍റുകള്‍ വികസനത്തിന്‍റെ മേഖലയില്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് ദിശാബോധം നല്‍കുന്നതിനും കോട്ടങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനും നല്ല മാതൃകകളെ വ്യാപിപ്പിക്കുന്നതിനും  തെറ്റായ രീതികളെ നിരുത്സാഹപ്പെടുത്തുന്നതിനും വികസന പ്രോജക്ടുകള്‍ തമ്മില്‍ മെച്ചപ്പെട്ട സംയോജനം ഉറപ്പാക്കുന്നതിനുള്ള ഒരു ഉപകരണമാണ് ജില്ലാ പദ്ധതി. ജില്ലാതലത്തില്‍ തയാറാക്കി അംഗീകാരം നല്‍കിയ കരട് പദ്ധതിക്ക് അനുസൃതമായിട്ടായിരിക്കും വരും വര്‍ഷങ്ങളില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ തയാറാക്കുന്നത്.
    കടമ്പനാട്, ആനിക്കാട്, കുന്നന്താനം എന്നീ ഗ്രാമപഞ്ചാത്തുകളുടെയും മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെയും വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്കും ആസൂത്രണ സമിതി അംഗീകാരം നല്‍കി. 
    ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുകവിനിയോഗം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ യോഗത്തില്‍ അവതരിപ്പിച്ചു. റിപ്പോര്‍ട്ട് പ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുക വിനിയോഗത്തില്‍ ജനുവരി 20ലെ കണക്ക് പ്രകാരം ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ്. 42.35 ശതമാനമാണ് ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കൂടിയുള്ള പദ്ധതി തുക വിനിയോഗം.തുക വിനിയോഗത്തില്‍ ജില്ലാ പഞ്ചായത്തുകളില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനവും ബ്ലോക്ക് പഞ്ചായത്തുകളില്‍ എട്ടാം സ്ഥാനവും നഗരസഭകളില്‍ അഞ്ചാം സ്ഥാനവും ഗ്രാമപഞ്ചായത്തുകളില്‍ ആറാം സ്ഥാനവുമാണ് ജില്ലയ്ക്കുള്ളത്. 
    യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ആസൂത്രണ സമിതി അംഗങ്ങളായ എലിസബത്ത് അബു, ലീല മോഹന്‍, ബിനിലാല്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍.സോമസുന്ദരലാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശഭരണ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
    ജില്ലയിലെ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളുടെ  ജനുവരി 20 ലെ തുക വിനിയോഗം താഴെപറയുന്ന പ്രകാരമാണ്. 
    ഗ്രാമപഞ്ചായത്തുകള്‍- തുമ്പമണ്‍(187.38 ശതമാനം), ആനിക്കാട് (154.37), നാറാണംമൂഴി (71.59), കുളനട (62.19), തോട്ടപ്പുഴശേരി (60.77), മല്ലപ്പള്ളി (60.37), കല്ലൂപ്പാറ (60.33), പ്രമാടം (54.77), ഓമല്ലൂര്‍ (54.70), വള്ളിക്കോട് (53.86), കോന്നി (53.65), മലയാലപ്പുഴ (53.39), അരുവാപ്പുലം (53.37), കുന്നന്താനം (52.97), റാന്നി (52.17), തണ്ണിത്തോട് (51.69), കൊടുമണ്‍ (50.37), പന്തളം തെക്കേക്കര (48.07) മൈലപ്ര (47.60), നെടുമ്പ്രം (47.53), റാന്നി പെരുനാട് (45.99), വടശേരിക്കര (44.97), കലഞ്ഞൂര്‍ (43.64), കോട്ടാങ്ങല്‍ (43.08), കവിയൂര്‍ (42.57), എഴുമറ്റൂര്‍ (42.29), റാന്നി അങ്ങാടി (42.13), കൊറ്റനാട് (40.68), മെഴുവേലി (40.67), പെരിങ്ങര (40.32), പുറമറ്റം (39.94), കോയിപ്രം (39.19), ഇരവിപേരൂര്‍ (39.10), ആറډുള (38.25), പള്ളിക്കല്‍ (37.88), മല്ലപ്പുഴശേരി (37.76), ചെന്നീര്‍ക്കര (37.75), കവിയൂര്‍ (37.70), കടപ്ര (37.12), സീതത്തോട് (35.24), ഏറത്ത് (34.94), ഏനാദിമംഗലം (34.92), ചിറ്റാര്‍ (34.88), നിരണം (34.49), വെച്ചൂച്ചിറ (34.05), കുറ്റൂര്‍ (33.34), കോഴഞ്ചേരി (32.84), നാരങ്ങാനം ( 31.24), കടമ്പനാട് (30.72), ഏഴംകുളം (28.29), റാന്നി പഴവങ്ങാടി (28.05), ചെറുകോല്‍ (26.07), ഇലന്തൂര്‍ (25.65).  തുമ്പമണ്‍, ആനിക്കാട് പഞ്ചായത്തുകളിലെ തുക വിനിയോഗത്തിന്‍റെ ശതമാനം ലോകബാങ്ക് സഹായത്തിന്‍റെ മുന്‍വര്‍ഷങ്ങളിലെ തുക കൂടി ചേര്‍ന്നതാണ്. 
    ബ്ലോക്ക് പഞ്ചായത്തുകളുടെ തുക വിനിയോഗം. മല്ലപ്പള്ളി (53.21), കോയിപ്രം (46.15), ഇലന്തൂര്‍ (43.35), റാന്നി (43.32), കോന്നി (40.59), പറക്കോട് (39.27), പുളിക്കീഴ് (39.07), പന്തളം (39.07). നഗരസഭകളുടെ തുക വിനിയോഗം. തിരുവല്ല (48.78), അടൂര്‍ (40.07), പത്തനംതിട്ട (38.18), പന്തളം (29.18). ജില്ലാ പഞ്ചായത്തിന്‍റെ തുക വിനിയോഗം 31.37 ശതമാനമാണ്.                                  (പിഎന്‍പി 163/18)    

date