Skip to main content
അടൂര്‍ താലൂക്കുതല പരാതിപരിഹാര അദാലത്ത് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഉദ്ഘാടനം  ചെയ്യുന്നു.

  അടൂര്‍ താലൂക്ക് അദാലത്ത് നടത്തി ഉദ്യോഗസ്ഥര്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരായി മാറണം: ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ

 

ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരായി മറണമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നടത്തിയ അടൂര്‍ താലൂക്ക് പൊതുജന പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. പൊതുജനങ്ങള്‍ അവരുടെ പരാതികളുമായി എത്തുമ്പോള്‍ അനുഭാവ പൂര്‍വം വിഷയത്തെ സമീപിക്കാനും കഴിയുന്നതും വേഗം പരിഹാരം കണ്ടെത്താനും ഓരോ ഉദ്യോഗസ്ഥനും ശ്രമിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ഉത്തരവാദിത്വം നിറവേറ്റപ്പെടുമ്പോള്‍ മാത്രമാണ് ജനാധിപത്യം അര്‍ഥവത്താവുന്നതെന്ന് കലക് ടര്‍ പറഞ്ഞു. 
    അദാലത്തില്‍ 32 പരാതികള്‍ ലഭിച്ചു.  അദാലത്തിന് മുന്‍പായി ജനുവരി 10 വരെ 38 പരാതികള്‍ കൂടി ലഭിച്ചതില്‍ എല്ലാത്തിനും മറുപടി ലഭ്യമാക്കിയിരുന്നു. കൂടുതലും പഞ്ചായത്തുതലത്തില്‍ പരിഹാരം കാണാനുള്ള പരാതികളായിരുന്നു ഉണ്ടായിരിന്നത്. വിവിധ ക്ഷേമപദ്ധതികള്‍ പ്രകാരമുള്ള വിവിധ ധനസഹായം, പെന്‍ഷനുകള്‍ എന്നിവ ലഭിക്കാത്തത്, വീടിന് മുകളിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരം വെട്ടിമാറ്റാന്‍ പഞ്ചായത്ത് അധികൃതര്‍ ഉത്തരവ് നല്‍കാത്തത്, വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കുക, റോഡ് നിര്‍മിക്കുക, ബസ് വെയിറ്റിങ് ഷെഡ് നിര്‍മിക്കുക തുടങ്ങി പഞ്ചായത്ത് അധികൃതര്‍ ഇടപെടേണ്ട പരാതികളില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. വസ്തുവിലേക്ക് വഴി ലഭ്യമാക്കുക, അനധികൃത കൈയേറ്റം ഒഴിപ്പിക്കുക, പട്ടയം ലഭ്യമാക്കുക, ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കുക തുടങ്ങിയ പരാതികളും കലക് ടര്‍ അദാലത്തില്‍ പരിഗണിച്ചു. 
    എല്‍ ആര്‍ ഡെപ്യൂട്ടി കലക് ടര്‍ വി ബി ഷീല അധ്യക്ഷത വഹിച്ചു. ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ ഐ ജ്യോതിലക്ഷ്മി, അടൂര്‍ തഹസില്‍ദാര്‍ അലക്സ് പി തോമസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍ വി സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
                                              (പിഎന്‍പി 167/18)

date