Skip to main content

അപകടങ്ങളില്‍ മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഇന്‍ഷ്വുറന്‍സ് തുക 10 ലക്ഷമാക്കി ഉയര്‍ത്തി

അപകടങ്ങളില്‍ മരിക്കുന്ന ക്ഷേമനിധി അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് തുക 10 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. 2017 ഡിസംബര്‍ 16 മുതല്‍ ഇതിനു പ്രബല്യമുണ്ടാവും. ഇതിനായി പ്രത്യേക പ്രീമിയം തുക അടക്കേണ്ടതില്ല. നിലവില്‍ അഞ്ചു ലക്ഷം രൂപയാണ് മല്‍സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നത്. പുത്തന്‍കടപ്പുറം ജി.എം.എ.യു.പി.സ്‌കൂളിന്റെ പുതിയ അക്കാദമിക് ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പരപ്പനങ്ങാടി ഹാര്‍ബര്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പുനര്‍നിര്‍മ്മിക്കും. തീരദേശത്തെ 150 ഹെല്‍ത്ത് സെന്ററുകള്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തന സജ്ജമാക്കും. തീരദേശത്തെ മുഴുവന്‍ സ്‌കൂളുകളും മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
73 ലക്ഷം രൂപയാണ് പുത്തന്‍കടപ്പുറം ജി.എം.എ.യു.പി.സ്‌കൂളിന്റെ പുതിയ ബ്ലോക്കിന്റെ നിര്‍മാണച്ചെലവ്. 249.70 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിച്ച ഇരുനില കെട്ടിടത്തില്‍ നാല് ക്ലാസ് മുറികളാണുള്ളത്. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പി.അബ്ദുറബ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
മറ്റൊരു ചടങ്ങില്‍ മുനിസിപ്പാലിറ്റിയിലെ ഫിഷറീസ് ഗവണ്‍മന്റ് ലോവര്‍ പ്രൈമറി സ്‌കൂളിന് 135 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്കും മന്ത്രി ഉദ്ഘാടനം ചെയ്തു. ഇവിടെ രണ്ട് നില കെട്ടിടത്തില്‍ നാല് ക്ലാസ് മുറികളാണ് പ്രവര്‍ത്തിക്കുക

 

date