Skip to main content

പകര്‍ച്ച വ്യാധികള്‍ക്കെതിരെ ആരോഗ്യ ജാഗ്രത: ഗൃഹ സന്ദര്‍ശന പരിപാടി ജനുവരി 21ന്

സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രതാ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ ജനുവരി 21ന് ആരോഗ്യ വകുപ്പിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഇതര വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഗൃഹസന്ദര്‍ശന - ബോധവല്‍ക്കരണ പരിപാടി നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.  നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആര്‍ദ്രം മിഷന്റെ പൊതുജനാരോഗ്യ ബോധവല്‍ക്കരണ പരിപാടിയാണ് ആരോഗ്യ ജാഗ്രത.  
പരിസര ശുചിത്വം, വ്യക്തി ശുചിത്വം, മാലിന്യ സംസ്‌കരണം, ഉറവിട നശീകരണം, കുടിവെള്ള സ്രോതസ്സുകളുടെ സംരക്ഷണം എന്നിവ ഉറപ്പ് വരുത്തി പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനമാണിത്.  വാര്‍ഡ് തലത്തില്‍ സജ്ജമാക്കിയ ആരോഗ്യ സേന, ഹരിത കര്‍മ്മസേന, വാര്‍ഡ് തല ശുചിത്വപോഷണസമിതി, സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍ - സര്‍ക്കാരിതര സ്ഥാപനങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, ജനപ്രതിനിധികള്‍, മാധ്യമങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങി ജനകീയ കൂട്ടായ്മയിലൂടെയാണ് ആരോഗ്യജാഗ്രതാ പരിപാടി നടപ്പിലാക്കുന്നത്.  ത്രിതല പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി നടപ്പിലാക്കുന്നത്.  
    പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ജനുവരി 21ന് രാവിലെ ഒമ്പത് വളാഞ്ചേരി കാവുംപുറത്ത് നിര്‍വ്വഹിക്കും.  വാര്‍ഡ് തലത്തിലുള്ള പരിപാടികള്‍ക്ക് വാര്‍ഡ് മെമ്പര്‍മാര്‍ നേതൃത്വം നല്‍കും.

 

date