Skip to main content

കുടിവെള്ള വിതരണം: വാഹന ഉടമകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

കാക്കനാട്: ജില്ലയില്‍ ടാങ്കര്‍ വാഹനങ്ങളിലൂടെയുള്ള ശുദ്ധജല വിതരണം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം കുടിവെള്ള  വാഹന ഉടമകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന ബോണറ്റ് നമ്പറുകള്‍ നിശ്ചിത മാതൃകയില്‍ വാഹനത്തിന്റെ മുന്‍വശത്തും പിന്‍വശത്തും പെയിന്റ് ചെയ്ത് രണ്ട് ദിവസത്തിനകം പരിശോധനയ്ക്ക് ഹാജരാക്കി സാക്ഷ്യപത്രം വാങ്ങണം. 

വാഹനത്തിന്റെ ടാങ്ക് നീല നിറത്തിലും ടാങ്കിന്റെ ഇരു വശങ്ങളിലും മധ്യത്തിലായി വെളുത്തനിറത്തില്‍ 20 സെന്റീമീറ്റര്‍ വീതിയില്‍ റിബ്ബണും പെയിന്റ് ചെയ്തിരിക്കണം. വാഹനത്തിന്റെ മുന്‍ പിന്‍ വശങ്ങള്‍ 'ഹൈവേ യെല്ലോ' നിറത്തില്‍ പെയിന്റ് ചെയ്യണം. ഇരുവശങ്ങളിലുമുള്ള റിബ്ബണില്‍ 15 സെന്റീ മീറ്റര്‍ ഉയരമുള്ള അക്ഷരങ്ങളില്‍ 'DRINKING WATER' എന്ന് ഇംഗ്ലീഷിലും മുന്നിലും പിന്നിലും 'കുടിവെള്ളം' എന്ന് മലയാളത്തിലും കറുത്ത പെയിന്റില്‍ എഴുതണം. 

കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് സാധുതയുള്ള എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ് ഉണ്ടായിരിക്കണം. ഈ മാസം 31 നകം വാഹനങ്ങള്‍ അംഗീകൃത വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസ് (വി.എല്‍.ടി.ഡി) ഘടിപ്പിച്ച് ടാഗ് ചെയ്ത് അതാത് ആര്‍.ടി ഓഫീസില്‍ നിന്ന് അംഗീകാരം വാങ്ങണം. വാഹന പരിശോധനയ്ക്ക് ശേഷം ലഭിക്കുന്ന സാക്ഷ്യപത്രത്തിന്റെ അസ്സല്‍ രേഖ വാഹനത്തില്‍ സൂക്ഷിക്കേണ്ടതും പരിശോധനയ്ക്ക് ഹാജരാക്കേണ്ടതുമാണ്‌
 

date