കാർഷികോൽപാദന വളർച്ച പോസിറ്റീവ് നിരക്കിലെത്തി: കൃഷി മന്ത്രി
സംസ്ഥാനത്തിന്റെ കാർഷികോൽപാദന വളർച്ച നെഗറ്റീവ് നിരക്കിൽ നിന്ന് പോസിറ്റീവ് നിരക്കിലേക്ക് എത്തിയതായി കൃഷി മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ പറഞ്ഞു. വൈഗ ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. നെഗറ്റീവ് 4 എന്ന നിരക്കിൽ നിന്ന് പോസിറ്റീവ് 3.6 ശതമാനം എന്ന നിരക്കിലേക്ക് കാർഷിക ഉൽപാദനത്തിന്റെ വളർച്ചാ തോത് എത്തിക്കാൻ സർക്കാരിന് കഴിഞ്ഞു. പ്രാഥമിക കാർഷിക വൃത്തിക്കപ്പുറം മൂല്യവർദ്ധിത ഉൽപന്നങ്ങൾ സൃഷ്ടിച്ച് നേട്ടമുണ്ടാക്കാൻ കഴിയണം. കാർഷിക വരുമാനം വർദ്ധിപ്പിക്കാൻ അതാണ് മാർഗ്ഗം. കാർഷിക മേഖലയിൽ സുസ്ഥിര വികസനത്തിന് എന്തു ചെയ്യണം എന്ന ആലോചനയുടെ ഫലമാണ് വൈഗ. പ്രളയം ഉൾപ്പെടെയുളള പ്രകൃതി ദുരന്തങ്ങളെ നേരിട്ട് നാളികേരം, തേൻ, ചക്ക, പഴം തുടങ്ങിയ കാർഷിക ഉൽപന്നങ്ങളിൽ നിന്ന് മൂല്യവർദ്ധിത വസ്തുക്കൾ നിർമ്മിക്കുന്നതിന്റെ സാധ്യത സർക്കാർ പ്രയോജനപ്പെടുത്തി നാൽപതോളം പുതിയ സംരംഭങ്ങൾ ഇതുവരെയുളള വൈഗ സമ്മേളനങ്ങളിലൂടെ യാഥാർത്ഥ്യമായി. അന്താരാഷ്ട്ര നിലവാരമുളള മൂല്യവർദ്ധിത ഉൽപന്നങ്ങളാണ് വൈഗയിലൂടെ ലക്ഷ്യമിടുന്നതെന്നും കൃഷി മന്ത്രി പറഞ്ഞു. കൃഷിയെ ആരോഗ്യ-പരിസ്ഥിതി മേഖലകളുമായി ബന്ധിപ്പിക്കാനുളള ശ്രമമാണ് ജീവനി പദ്ധതിയിലൂടെ നടത്തുന്നതെന്നും വി എസ് സുനിൽകമാർ പറഞ്ഞു.
- Log in to post comments